ബംഗളൂരു കഫേ സ്ഫോടനം; നിർണായക വിവരങ്ങൾ ലഭിച്ചതായി ആഭ്യന്തരമന്ത്രി
text_fieldsരാമേശ്വരം കഫേയുടെ ഉൾവശം സ്ഫോടനത്തിന് ശേഷം. പുനരുദ്ധാരണം നടത്തിയ ശേഷം കഴിഞ്ഞദിവസം കഫേ
പ്രവർത്തനം പുനരാരംഭിച്ചിരുന്നു
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) സെൻട്രൽ ക്രൈംബ്രാഞ്ച് ബ്യൂറോയുടെയും (സി.സി.ബി) സംയുക്താഭിമുഖ്യത്തിൽ തുമകുരുവിലും ബെള്ളാരിയിലും റെയ്ഡ് നടന്നു.
മുഖ്യപ്രതി ഈ സ്ഥലങ്ങളിൽ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേയിൽ മാർച്ച് ഒന്നിന് സ്ഫോടനം നടത്തിയ ശേഷം പ്രതി ഹൂഡിക്ക് സമീപം വസ്ത്രം മാറിയ ശേഷം ധരിച്ചിരുന്ന തൊപ്പി ഒഴിവാക്കി മറ്റൊന്ന് ധരിച്ച് ബസുകൾ മാറിക്കയറി നഗരം വിട്ടെന്നാണ് കണ്ടെത്തൽ. പൊതുഗതാഗതം ഉപയോഗിച്ചാണ് പ്രതി ഇത്രയും ദിവസം യാത്ര ചെയ്തതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മാർച്ച് അഞ്ചിന് പ്രതി തുമകുരുവിൽ എത്തിയതായും ബെള്ളാരി, ബിദർ എന്നിവിടങ്ങളിലും ആന്ധ്ര പ്രദേശിലെ മന്ത്രാലയയിലും പ്രതി സഞ്ചരിച്ചതായും അന്വേഷണ സംഘം കരുതുന്നു. പ്രതിയെ കുറിച്ച് നിരവധി സൂചനകൾ ലഭിച്ചതായും വൈകാതെ പിടിയിലാവുമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
പ്രതി സഞ്ചരിച്ച ബസുകളിലൊന്നിൽനിന്ന് ഇയാളുടെ വ്യക്തമായ ചിത്രവും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാതെ ബസിന്റെ പിൻസീറ്റിലിരിക്കുന്ന നിലയിലാണ് വിഡിയോ ദൃശ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സി.സി ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്ത് പ്രതിയിലേക്കെത്താനാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മുമ്പ് ബംഗളൂരുവിൽ നടന്ന സ്ഫോടന കേസുകളിൽ പ്രതിയായ തടിയന്റവിട നസീറിനും മംഗളൂരു കുക്കർ ബോംബ് സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരിഖിനും ഈ കേസിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ആറോളം പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

