ബംഗളൂരു ക്രൈം ഹബാകുന്നു
text_fieldsബംഗളൂരു: ജീവിക്കാൻ പൊതുവെ സുരക്ഷിതമെന്ന് പേരുകേട്ട ഇന്ത്യയുടെ െഎ.ടി ഹബ്ബായ ബംഗളൂരു കുറ്റകൃത്യങ്ങളുടെ കണക്കിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാമത്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട പുതിയ കണക്കുപ്രകാരം, ബംഗളൂരു നഗരത്തിൽ കുറ്റകൃത്യങ്ങൾ മുൻവർഷത്തേക്കാൾ 28 ശതമാനം വർധിച്ചിട്ടുണ്ട്. പുതിയ കണക്ക് ബംഗളൂരു പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. മെട്രോപോളിറ്റൻ നഗരങ്ങളിലെ കുറ്റകൃത്യങ്ങളിൽ ഡൽഹിയാണ് മുന്നിൽ. 2016ൽ വിവിധ വകുപ്പുകളിലായി 1.99 ലക്ഷം കേസുകളാണ് തലസ്ഥാന നഗരിയിൽ രജിസ്റ്റർ ചെയ്തത്. ബംഗളൂരുവിൽ 45795 കേസുകളും മുംബൈയിൽ 39617 കേസുകളും കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തു. ഡൽഹിയിലും ബംഗളൂരുവിലും മുൻ വർഷങ്ങളിലേതിനേക്കാൾ കുറ്റകൃത്യങ്ങൾ വർധിച്ചപ്പോൾ മുംൈബയിൽ കുറഞ്ഞതായും കണക്ക് തെളിയിക്കുന്നു.
2015ൽ ഡൽഹിയിൽ 1.73 ലക്ഷവും ബംഗളൂരുവിൽ 35,576ഉം കേസുകളും 2014ൽ ഡൽഹിയിൽ 1.39 ലക്ഷവും ബംഗളൂരുവിൽ 31,892 കേസുകളുമാണ് രേഖപ്പെടുത്തിയത്. മുംബൈയിൽ ഇത് യഥാക്രമം 42,940ഉം 40361ഉം ആണ്. 20 ലക്ഷത്തിന് മുകളിൽ ആളുകൾ താമസിക്കുന്ന 19 മെട്രോ നഗരങ്ങളുടെ കാര്യത്തിൽ കൊലപാതകങ്ങളുടെയും സ്ത്രീധന പീഡനങ്ങളുടെയും കേസുകളിൽ ഉയർന്ന നിരക്കാണ് ബംഗളൂരുവിനുള്ളത്.
കൊലപാതകങ്ങളിൽ ഡൽഹിയാണ് മുന്നിൽ. 479 കൊലപാതകങ്ങളാണ് കഴിഞ്ഞവർഷം ഡൽഹിയിൽ രജിസ്റ്റർ ചെയ്തത്. ബംഗളൂരുവിൽ 229 ഉം മൂന്നാമതുള്ള ബിഹാറിെൻറ തലസ്ഥാനമായ പട്നയിൽ 195ഉം കേസുകൾ കൊലപാതകവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തി. ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളിൽ ആദ്യത്തെ അഞ്ചു മെട്രോ നഗരങ്ങൾക്കിടയിലാണ് ബംഗളൂരുവിെൻറ സ്ഥാനം. കഴിഞ്ഞവർഷം 321 ബലാത്സംഗ കേസുകളാണ് െഎ.ടി നഗരത്തിൽ പൊലീസ് രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ ഡൽഹി തന്നെയാണ് മുന്നിൽ. 1996 കേസുകൾ ഡൽഹിയിലും 712 കേസുകൾ മുംബൈയിലും ഉണ്ട്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസുകളിലും കുട്ടികൾക്കെതിരായ അക്രമങ്ങളിലും രാജ്യത്ത് മൂന്നാമതാണ് ബംഗളൂരു. 2016ൽ 879 കേസുകളാണ് ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ 5453ഉം മുംബൈയിൽ 1876ഉം തട്ടിക്കൊണ്ടുപോകൽ കേസുകൾ കഴിഞ്ഞവർഷം നടന്നു. കുട്ടികൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 1333 കേസുകളാണ് ബംഗളൂരുവിൽ രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ 7392ഉം മുംബൈയിൽ 3400ഉം കേസുകൾ രേഖപ്പെടുത്തി.
മോഷണവും കവർച്ചയും കണക്കിലെടുക്കുേമ്പാൾ ഡൽഹിക്ക് പിന്നിൽ രണ്ടാംസ്ഥാനത്താണ് കർണാടകയുടെ തലസ്ഥാന നഗരി. 10,578 മോഷണക്കേസുകളാണ് ബംഗളൂരു നഗരത്തിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. ഡൽഹിയിൽ 1.26 ലക്ഷവും മുംബൈയിൽ 9839ഉം കേസുകൾ മോഷണവുമായി ബന്ധപ്പെട്ട് 2016ൽ അരങ്ങേറിയതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നു.
കഴിഞ്ഞദിവസം മെജസ്റ്റിക്കിൽ രണ്ടിടത്തും കമ്മനഹള്ളിയിലുമായി നടന്ന മൂന്ന് വ്യത്യസ്ത കവർച്ചാ സംഭവങ്ങളിൽ മലയാളികളുടേതടക്കം മൊബൈൽ ഫോണും പണവും നഷ്ടമായി. ഇതിൽ രണ്ടു കവർച്ചക്ക് ഉപയോഗിച്ചത് ഡ്യൂക്ക് ബൈക്കാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രിയാത്രക്കാരെ ലക്ഷ്യമിട്ടുള്ള കവർച്ച നഗരത്തിൽ വർധിക്കുേമ്പാഴും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് വ്യാപക പരാതി. മലപ്പുറം വണ്ടൂർ സ്വദേശിയും യെലഹങ്ക രേവ യൂനിവേഴ്സിറ്റി എം.ബി.എ വിദ്യാർഥിയുമായ മുഹമ്മദ് ജസീൻ, കണ്ണൂർ പാനൂർ കല്ലിക്കണ്ടി പട്ടാടത്തിൽ ഷമീം, ബംഗളൂരു സ്വദേശി എന്നിവരാണ് കവർച്ചക്കിരയായത്.
മെജസ്റ്റിക്കിൽ 20 മിനിറ്റിനിടെ രണ്ടു കവർച്ച
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മുഹമ്മദ് ജസീൻ മെജസ്റ്റിക് സർക്കിളിൽ ബസിറങ്ങിയത്. സ്ഥിരമായി ഇൗ സമയത്ത് വന്നിറങ്ങി ചിക്കബല്ലാപുര ഭാഗത്തേക്കുള്ള ബസിൽ കയറിയാണ് ജസീൻ താമസസ്ഥലത്തേക്ക് പോവാറുള്ളത്. കഴിഞ്ഞദിവസം ഇൗ ബസ് കിട്ടാതായപ്പോൾ ഒാൺലൈൻ ടാക്സി ബുക്ക് ചെയ്യാനായി മൊബൈൽ ഫോൺ പുറത്തെടുത്തപ്പോൾ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം മൊബൈൽഫോൺ തട്ടിപ്പറിക്കുകയായിരുന്നു. ഇതിൽ ഒരെണ്ണം ആഡംബര ബൈക്കായിരുന്നു.
ഒാേട്ടാഡ്രൈവർമാരടക്കമുള്ളവർ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും അനങ്ങിയില്ല. മെജസ്റ്റിക് ഭാഗത്ത് യാത്രക്കാരെ ലക്ഷ്യംവെച്ചുള്ള മോഷണവും പിടിച്ചുപറിയും പതിവാണെന്നായിരുന്നു ഒാേട്ടാക്കാരുടെ മറുപടി. പരാതി നൽകാനായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തങ്ങളുടെ സ്റ്റേഷൻ പരിധിയല്ലെന്നു പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ഒാടിക്കുകയായിരുന്നെന്നും ജസീൻ പറഞ്ഞു. പരാതി പറയുന്നതിനായി മെജസ്റ്റിക് ഭാഗത്തെ മൂന്നു പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. പരാതി സ്വീകരിക്കുന്നതിന് പകരം വസ്തുക്കൾ നഷ്ടപ്പെട്ടാൽ രജിസ്റ്റർ ചെയ്യുന്ന ഇ-ലോസ്റ്റ് വെബ്ൈസറ്റിൽ വിവരം നൽകാനായിരുന്നു പൊലീസ് നിർദേശം.
മുഹമ്മദ് ജസീനിെൻറ ഫോൺ കവർന്ന സംഭവത്തിന് 20 മിനിറ്റിന് ശേഷം മെജസ്റ്റിക് മെട്രോ സ്റ്റേഷന് സമീപത്തെ ബസ്സ്റ്റോപ്പിലായിരുന്നു രണ്ടാമത്തെ കവർച്ച. തിരുപ്പതിയിൽനിന്നുള്ള ബസിൽ വന്നിറങ്ങിയ ബംഗളൂരു സ്വദേശിയാണ് കവർച്ചക്കിരയായത്. യമഹ സ്കൂട്ടറിലെത്തിയ രണ്ടുപേർ മൊബൈൽഫോണും പണവും പിടിച്ചുപറിക്കുകയായിരുന്നു.
ഷമീമിന് നഷ്ടപ്പെട്ടത് വിലപ്പെട്ട രേഖകൾ
രണ്ടു മണിക്കൂറിന് ശേഷം കമ്മനഹള്ളിയിലായിരുന്നു മൂന്നാമത്തെ കവർച്ച അരങ്ങേറിയത്. കണ്ണൂർ സ്വദേശിയായ ഷമീം കുടുംബത്തോടൊപ്പം ഒാേട്ടായിൽ യാത്രചെയ്യവേ ബൈക്കിൽ പിന്തുടർന്നെത്തിയാണ് മൂന്നംഗ സംഘം കവർച്ച നടത്തിയത്. ഷമീമിെൻറ ഭാര്യ സുൽഫത്തിെൻറ കൈയിൽനിന്ന് ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. 1500 ഖത്തർ റിയാൽ, 17,000ത്തോളം രൂപ, ഷമീമിെൻറ പേരിലുള്ള ഖത്തറിലെ തിരിച്ചറിയൽ കാർഡ്, ഖത്തറിലെ ഡ്രൈവിങ് ലൈസൻസ്, കേരളത്തിലെ ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, അഞ്ച് എ.ടി.എം കാർഡുകൾ എന്നിവ നഷ്ടമായി.
ഖത്തറിൽ ജോലിചെയ്യുന്ന ഷമീം പത്തംഗ കുടുംബത്തോടൊപ്പം തലശ്ശേരിയിൽനിന്ന് ബസിൽ പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് കലാസിപാളയത്ത് വന്നിറങ്ങിയത്. കലാസിപാളയത്തുനിന്ന് രണ്ട് ഒാേട്ടാകളിലായാണ് ഷമീമും കുടുംബവും കമ്മനഹള്ളിയിലെത്തിയത്. മെയിൻ റോഡിൽ ഒാേട്ടായിൽനിന്നിറങ്ങി ഹോട്ടൽ തിരയുന്നതിനിടെ ഡ്യൂക്ക് ബൈക്കിലെത്തിയ മൂന്നുപേർ ഭാര്യയുടെ ബാഗ് തട്ടിപ്പറിച്ചു. ഷമീം മുണ്ട് ധരിച്ചിരുന്നതിനാൽ രേഖകളും കാശും ഭാര്യയുടെ പക്കലുള്ള ബാഗിലായിരുന്നു സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കളിൽ രണ്ടുപേർ ഹെൽമറ്റ് ധരിച്ചനിലയിലായിരുന്നു. ഒാേട്ടായിൽ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. ബൈക്കിെൻറ നമ്പർ ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്നാണ് സംശയം. തുടർന്ന് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ ബാനസവാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
