ബന്ദിപ്പുർ രാത്രി ഗതാഗത നിരോധനം പുനഃപരിശോധിക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ നീക്കത്തിനെതിരെ പ്രതിഷേധം
text_fieldsബംഗളൂരു: ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലെ രാത്രികാല ഗതാഗത നിരോധനം നീക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കാണുമെന്ന കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിയമസഭയിലെ പ്രസ്താവനക്കെതിരെ പരിസ്ഥിതി വിദഗ്ദ്ധരും വന്യജീവി പ്രേമികളും രംഗത്ത്. ബന്ദിപ്പുരിലെ രാത്രികാല ഗതാഗത നിരോധനം 2009 മുതൽ നിലവിലുണ്ടെന്നും സുപ്രീം കോടതി നിയന്ത്രണം സ്റ്റേ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശൻ അടുത്തിടെ കേരള നിയമസഭയിൽ പറഞ്ഞിരുന്നു. ബന്ദിപ്പുർ വനത്തിലൂടെ കടന്നുപോകുന്ന ഹൈവേകളിൽ തുരങ്കമോ എലിവേറ്റഡ് റോഡോ നിർമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് കേരള സർക്കാർ കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിലൂടെ രാത്രിയിൽ വന്യമൃഗങ്ങൾക്ക് സ്വതന്ത്രമായി സഞ്ചാരം സാധ്യമാക്കും. ബന്ദിപ്പുർ കടുവാ സങ്കേതത്തിലൂടെ രാത്രിയിൽ ഗതാഗതം അനുവദിച്ചപ്പോൾ വാഹനാപകടങ്ങളിൽ വന്യമൃഗങ്ങൾ പലപ്പോഴും കൊല്ലപ്പെടാറുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഏകദേശം 10 വർഷം മുമ്പ് വനം ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ദ്ധരും പരിസ്ഥിതി പ്രവർത്തകരും ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ട് പഠിച്ച ശേഷം അന്നത്തെ ചാമരാജനഗർ ഡെപ്യൂട്ടി കമീഷണർ മനോജ് കുമാർ മീണ 2009 ജൂൺ മൂന്നു മുതൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറു വരെ ബന്ദിപ്പൂരിൽ വാഹന ഗതാഗതം നിരോധിച്ചു. നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേരള ഹൈകോടതിയെ സമീപിച്ചെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തുടർന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുകയും നിരോധനം നീക്കാൻ കർണാടക സർക്കാറിൽ നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തു.
നിരോധനം നടപ്പാക്കിയതിന് ശേഷം രാത്രി സമയങ്ങളിൽ വാഹനങ്ങള്‍ ഇടിച്ചുള്ള മൃഗങ്ങളുടെ മരണം രേഖപ്പെടുത്തിയിട്ടില്ല. രാത്രി ഗതാഗത നിരോധനത്തിന് മുമ്പുള്ള അഞ്ച് വർഷത്തിനിടെ ബന്ദിപ്പൂരിൽ 91 മൃഗങ്ങൾ റോഡപകടങ്ങളിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിരോധനം ഏർപ്പെടുത്തിയതിന് ശേഷമുള്ള 10 വർഷത്തിനുള്ളിൽ 36 മൃഗങ്ങൾ റോഡപകടങ്ങളിൽ മരിച്ചു. നിയന്ത്രണം പ്രാബല്യത്തിൽ വന്നതിന് ശേഷം രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറു മണി വരെ മൃഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരള സര്‍ക്കാര്‍ വിഷയം ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് നിരോധനം നീക്കുന്നതിനാണ്. രാത്രി ഗതാഗതം അനുവദിക്കില്ലെന്നും തുരങ്കമോ എലിവേറ്റഡ് റോഡോ നിർമ്മിക്കാൻ അനുവദിക്കില്ല എന്നും പരിസ്ഥിതി പ്രവർത്തകൻ ജോസഫ് ഹൂവർ പറഞ്ഞു.
കർണാടക സർക്കാർ രാത്രി ഗതാഗതം പുനരാരംഭിക്കാന്‍ അനുമതി നല്‍കരുതെന്ന് വന്യജീവി വിദഗ്ദ്ധൻ സഞ്ജയ് ഗുബ്ബി പറഞ്ഞു. ബദൽ റോഡ് വികസിപ്പിച്ചാൽ ഉപയോഗിക്കാമെന്ന് കേരള സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടയിലേക്കുള്ള റോഡ് നന്നാക്കാൻ കർണാടക സർക്കാർ 75 കോടി രൂപ ചെലവഴിച്ചു. നിയന്ത്രണം ഏർപ്പെടുത്തിയതിനുശേഷം ഹൈവേ 10 മീറ്ററിൽ നിന്ന് 15 മീറ്ററായി വീതി കൂട്ടാനും ബദൽ പാതകൾ ഉപയോഗിക്കുന്നതിനാൽ ഇന്ധന ഉപഭോഗം വർധിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രികാല ഗതാഗത നിരോധനം പുനഃപരിശോധിക്കണമെന്ന് കേരള സർക്കാർ ആവർത്തിച്ച് കർണാടകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രികാല ഗതാഗതം വന്യജീവികളെ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ എലിവേറ്റഡ് റോഡും നിർദേശിച്ചിട്ടുണ്ട്. ഇത്തരം ക്രമീകരണങ്ങൾ മൃഗങ്ങളുടെ ചലനത്തെയും ദേശാടനത്തെയും തടസ്സപ്പെടുത്തുമെന്ന് വന്യജീവി വിദഗ്ദ്ധൻ സഞ്ജയ് ഗുബ്ബി പറഞ്ഞു.

