ഇത് കഠിനാധ്വാനത്തിന്‍റെ ഫലം; നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദര്‍ശന്‍
text_fieldsലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകനായ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനമായി നല്‍കി കല്യാണി പ്രിയദര്‍ശന്‍. നിമിഷ് തന്നെയാണ് തന്‍റെ സമൂഹമാധ്യമത്തിലൂടെ കല്യാണി നൽകിയ വാച്ചിന്‍റെ ചിത്രം പങ്കുവെച്ചത്. ഇസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ കല്യാണിക്ക് നിമിഷ് നന്ദി അറിയിച്ചിട്ടുണ്ട്. സ്വിസ് കമ്പനിയായ ഒമേഗയുടെ സ്പീഡ്മാസ്റ്റര്‍ 57 എന്ന മോഡല്‍ വാച്ചാണ് കല്യാണി നിമിഷിന് നൽകിയത്. 9,81,800 രൂപയാണ് ഇതിന്‍റെ നിലവിലെ വില.
'പ്രിയപ്പെട്ട കല്യാണി, ഇത് നിന്‍റെ ഉദാരമനസ്‌കതയാണ്, വളരെയധികം നന്ദി. ഈ നിറം ലോകയുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളും ഉപരി, നിരന്തരമായ കഠിനാധ്വാനം എല്ലായ്‌പ്പോഴും നല്ല കാര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഇത് എന്നെ ഓർമിപ്പിക്കും. ഈ സിനിമയും അതുമായി ബന്ധപ്പെട്ട ആളുകളും അതിനുള്ള ഓര്‍മപ്പെടുത്തലാണ്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണ്, ഒരുപാട് സ്‌നേഹം' -നിമിഷ് രവി കുറിച്ചു.
അതേസമയം, മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമാണ് ഡൊമനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായ ലോക: ചാപ്റ്റർ 1 ചന്ദ്ര. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ യുനിവേഴ്സിന്‍റെ ആദ്യഭാഗമാണ് ചിത്രം. ലോകയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത് 12 ദിവസത്തിനകം തന്നെ 200 കോടി ക്ലബ് കീഴടക്കി.
അതേസമയം, ആദ്യമായി ഒരു സ്ത്രീ കേന്ദ്രീകൃത ഇന്ത്യൻ സിനിമ 300 കോടി ക്ലബിൽ എത്തി എന്ന റെക്കോർഡും ലോക സ്വന്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ വനിത സൂപ്പർഹീറോയായ ചന്ദ്രയെയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോകയിലൂടെ, 200 കോടി രൂപ കടന്ന ഒരു സിനിമക്ക് നേതൃത്വം നൽകുന്ന ആദ്യ മലയാള നടിയായി കല്യാണി ചരിത്രം സൃഷ്ടിച്ചു.
രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നിർമാതാവ് കൂടിയായ ദുൽഖറാണ് രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. ടൊവിനോ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'കെട്ടുകഥകൾക്കപ്പുറം... ഇതിഹാസങ്ങൾക്കപ്പുറം... ഒരു പുതിയ അധ്യായം ആരംഭിക്കുന്നു' -എന്ന കുറിപ്പോടെയാണ് ദുൽഖർ ചാപ്റ്റർ 2വിന്‍റെ ട്രെയിലർ പങ്കുവെച്ചത്. ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയറർ ഫിലിംസാണ് നിർമിക്കുന്നതെന്നും ദുൽഖർ അറിയിച്ചു. മൈക്കിൾ എന്ന ചാത്തനായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

