മുംബൈയിൽ സ്വാതന്ത്ര്യ ദിനത്തിൽ ഇറച്ചിക്കടകൾക്ക് വിലക്ക്; പ്രതിഷേധിച്ച് നേതാക്കൾ
text_fieldsആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവലി നഗരസഭക്ക് പിന്നാലെ സ്വാതന്ത്ര്യദിനത്തിൽ കശാപ്പുശാലകൾക്കും ഇറച്ചി കച്ചവടക്കാർക്കും വിലക്ക് ഏർപ്പെടുത്തി നാഗ്പുർ, സംഭാജി നഗർ, മാലേഗാവ് നഗരസഭകളും. സംഭവത്തിൽ ഭരണകക്ഷിയായ എൻ.സി.പി അടക്കം എതിർപ്പുമായി രംഗത്തുവന്നു.
വെള്ളിയാഴ്ചത്തെ ഗോകുലാഷ്ടമി ദിനവും ജൈനമതക്കാരുടെ ‘പര്യുഷൻ പർവ’ത്തിന്റെ ആരംഭ ദിനവും ആയതിനാലാണ് വിലക്കത്രെ. എന്നാൽ, ഹിന്ദുമതക്കാരടക്കം മതാഘോഷ ദിനത്തിൽ മാംസം ഉപയോഗിക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഉദ്ധവ് പക്ഷ ശിവസേനനേതാവ് ആദിത്യ താക്കറെ, എൻ.സി.പി പവാർ പക്ഷ നേതാവ് ജിതേന്ദ്ര ആവാദ് എന്നിവർ രംഗത്തുവന്നു. അതൃപ്തി പ്രകടിപ്പിച്ച അജിത് പവാർ തെറ്റായ നയമെന്ന് പറഞ്ഞു.
ആഷാഢി ഏകാദശി, മഹാശിവരാത്രി, മഹാവീർ ജയന്തി തുടങ്ങിയ അവസരങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ സ്വാഭാവികമാണ്. എന്നാൽ, സ്വാതന്ത്ര്യ ദിനത്തിലും മഹാരാഷ്ട്ര ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാംസം നിരോധിക്കുന്നത് തെറ്റായ നയമാണെന്ന് അദ്ദേഹം പറഞ്ഞു. കല്യാൺ-ഡോംബിവലി നഗരസഭ കമീഷണറെ സസ്പെൻഡ് ചെയ്യണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു.
ഞങ്ങൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനല്ല കമീഷണർ. പകരം റോഡിലെ കുണ്ടും കുഴിയും പരിഹരിക്കണം. സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണം എന്നത് ഞങ്ങളുടെ തീരുമാനമാണ്. ഞങ്ങൾ തീർച്ചയായും മാംസം കഴിക്കും-ആദിത്യ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട്ചോരിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ഉത്തരവെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ പറഞ്ഞു. നിരോധനത്തിനെതിരെ പ്രതിഷേധിച്ച് സ്വാതന്ത്ര്യ ദിനത്തിൽ ആട്ടിറച്ചി കഴിക്കുമെന്ന് എൻ.സി.പി (എസ്.പി) നേതാവ് ജിതേന്ദ്ര ആവാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

