ബാലിഗഞ്ചയും റാഷ്ബെഹാരിയും തൃണമൂലിന്റെ ഉരുക്കുകോട്ട; സകല അടവും പയറ്റി ബി.ജെ.പി
text_fieldsപശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊൽക്കത്തയിൽ നടന്ന റോഡ് ഷോയിൽ സ്കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയായി തെക്കൻ കൊൽക്കത്ത മണ്ഡലങ്ങളായ ബാലിഗഞ്ചയും റാഷ്ബെഹാരിയും.
ഇടത് മുന്നണിയുടെ പ്രതാപകാലത്തുപോലും തൃണമൂൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടകളായിരുന്നു ഈ മണ്ഡലങ്ങൾ. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നുമാണ് ബി.ജെ.പിയും ഇടതു പാർട്ടികളും അവകാശപ്പെടുന്നത്. എന്നാൽ, ശക്തികേന്ദ്രങ്ങൾ നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂൽ.
സമ്പന്നരും ഇടത്തരക്കാരും ദരിദ്രരുമായ വോട്ടർമാർ തുല്യ അളവിലുള്ള മണ്ഡലങ്ങളാണിവ. ബാലിഗഞ്ചിലെ ജനസംഖ്യയിൽ 50 ശതമാനവും മുസ്ലിംകളാണ്. റാഷ്ബെഹാരിയിൽ തൃണമൂലും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിൽ ബാലിഗഞ്ചയിൽ ഫലം പ്രവാചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകനും അധ്യാപകനുമായ സാന്താനു ഘോഷ് പറഞ്ഞു. കാരണം, സി.പി.എമ്മിനും ശക്തമായ സ്വാധീനമുള്ള ഈ മണ്ഡലം ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയാകുന്നത്. 2022ലെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
മമത ബാനർജി സർക്കാറിലെ മുതിർന്ന നേതാവും മന്ത്രിയുമായ സോവന്ദേബ് ചതോപാധ്യായക്കും ബി.ജെ.പിയുടെ ഷതോരൂപക്കുമെതിരെ അഫ്രീൻ ബീഗത്തെയാണ് സി.പി.എം ഇത്തവണ മത്സരിപ്പിക്കുന്നത്. ജാദവ്പുർ സർവകലാശാലയിൽ പിഎച്ച്.ഡി ചെയ്യുന്ന ബീഗം, പുതുമുഖമാണെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്ന് സി.പി.എം നേതാവ് അജോയ് ദാസ്ഗുപ്ത അവകാശപ്പെട്ടു.
2021ൽ ഭവാനിപുർ സീറ്റ് വിജയിച്ചതിന് ശേഷം സൊവൻദേബ് ചതോബാധ്യായ രാജിവെച്ചിരുന്നു. നന്ദിഗ്രാമിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട ശേഷം മമത ബാനർജിക്ക് ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ വേണ്ടിയായിരുന്നു രാജി. തുടർന്ന് അദ്ദേഹം നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഖാർദയിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി. പാർട്ടിക്കതീതനായി ഏറെ ആദരിക്കപ്പെടുന്ന ചതോപാധ്യായയെ കൊൽക്കത്തയിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് തൃണമൂൽ നേതൃത്വത്തിന്റെ പുതിയ നീക്കം.
റാഷ്ബെഹാരിയിൽ തൃണമൂലിന്റെ സിറ്റിങ് എം.എൽ.എ ദേബാശിഷ് കുമാറിനെതിരെ സംഘ്പരിവാർ സൈദ്ധാന്തികനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സ്വപൻ ദാസ്ഗുപ്തയെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.
ഇടതുമുന്നണി സഖ്യകക്ഷിയായ സി.പി.ഐ-എം.എൽ ലിബറേഷന്റെ സ്ഥാനാർഥി മാനസ് ഘോഷും കോൺഗ്രസിന് വേണ്ടി അശുതോഷ് ചാറ്റർജിയും ജനവിധി തേടുന്നുണ്ട്. 1998 മുതൽ തൃണമൂലിന്റെ ഉറച്ച സീറ്റ് പിടിച്ചെടുക്കാൻ ഭവന സന്ദർശനങ്ങളും പൊതുയോഗങ്ങളും അടക്കം ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
അതിനിടെ ഇക്കഴിഞ്ഞ 17ന് ദേബാശിഷ് കുമാറിന്റെ വസതിയിലും തെരഞ്ഞെടുപ്പ് ഓഫിസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് പുറമെ, ഭൂമി ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അദ്ദേഹത്തിന് സമൻസും അയച്ചിട്ടുണ്ട്.
എന്നാൽ, ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങളെ തൃണമൂൽ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സ്ഥാനാർഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയുമാണെന്ന് മമത തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

