കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവം: ബെല്ലാരി ഡി.ഐ.ജിയെ സ്ഥലം മാറ്റി, പുതിയ എസ്.പിയെ നിയമിച്ചു
text_fieldsപി.എസ്.ഹർഷ, നെജ്ജൂർ, വർതിക, സുമൻ
ബംഗളൂരു: ബല്ലാരിയിൽ കഴിഞ്ഞ വ്യാഴാഴ്ച കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാരുടെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബല്ലാരി റേഞ്ച് ഡി.ഐ.ജി വർത്തിക കത്യാരിനെ കർണാടക സർക്കാർ ബുധനാഴ്ച സ്ഥലം മാറ്റി. പകരം ഡോ. പി.എസ്. ഹർഷയെ ബല്ലാരി റേഞ്ച് ഐ.ജിയായി നിയമിച്ചു.
സംഭവത്തെത്തുടർന്ന് നേരത്തെ ജില്ല പൊലീസ് സൂപ്രണ്ട് പവൻ നെജ്ജൂറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ ഒഴിവിൽ സുമൻ ഡി പെണ്ണേക്കറെ പുതിയ എസ്പിയായി നിയമിച്ചു. വർതിക കത്യാറിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിൽ ഡി.ഐ.ജിയായാണ് സ്ഥലംമാറ്റിയത്. ഇന്റലിജൻസ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കസേരയിൽ നിന്നാണ് സുമൻ എസ്പിയാവുന്നത്. സ്ഥലം മാറ്റ ഉത്തരവിൽ കാരണം പറയുന്നില്ല.
ജനുവരി ഒന്നിന് രാത്രി ബല്ലാരിയിലെ ചില ഭാഗങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ബല്ലാരിയിലെ കോൺഗ്രസ് എം.എൽ.എ നര ഭാരത് റെഡ്ഡിയുടെയും ഗംഗാവതി ബി.ജെ.പി എം.എൽ.എ ജി. ജനാർദ്ദൻ റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘഷത്തിനിടെ കല്ലേറും വെടിവെപ്പും ഉണ്ടായി. കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ കൊല്ലപ്പെട്ടു.
ബല്ലാരിയിലെ ജനാർദ്ദന റെഡ്ഡിയുടെ വസതിക്ക് മുന്നിൽ വാൽമീകി പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട ബാനർ ഭരത് റെഡ്ഡിയുടെ അനുയായികൾ സ്ഥാപിച്ചതിനെ തുടർന്നായിരുന്നു സംഘർഷം ആരംഭിച്ചത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരെ അടിസ്ഥാന സ്ഥിതിഗതികൾ കൃത്യമായി അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ചായിരുന്നു സംഭവത്തിന്റെ തലേന്നാൾ എസ്.പിയായി ചുമതലയേറ്റ നെജ്ജൂറിനെ സസ്പെൻഡ് ചെയ്തത്. സമാന ആരോപണം ബുധനാഴ്ച സ്ഥലം മാറ്റിയ ഡി.ഐ.ജിക്ക് എതിരേയും ഉണ്ടായിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

