ജുനൈദിനെ കുത്തിക്കൊലപ്പെടുത്തിയ മുഖ്യപ്രതി മഹാരാഷ്ട്രയിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബീഫ് കൈയിലുണ്ടെന്ന് ആരോപിച്ച് ഡൽഹി- മഥുര െട്രയിനിൽ ഹരിയാന വല്ലഭ്ഗഢ് സ്വദേശി ജുനൈദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ശനിയാഴ്ച മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സാക്രിയില്നിന്നാണ് ഇയാളെ ഹരിയാന റെയില്‍വേ പൊലീസും മഹാരാഷ്ട്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിന് തുടക്കമിട്ട ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരായ രണ്ടുപേരടക്കം നാലു പ്രതികൾ നേരേത്ത പിടിയിലായിരുന്നു. എന്നാൽ, ജുനൈദിനെ കുത്തുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും െചയ്തയാളെ പിടികൂടാനാവാത്തത് വ്യാപക വിമർശനം ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാൾ അസോട്ടി റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്കിൽ യാത്രെചയ്യുന്ന ദൃശ്യം സി.സി.ടി.വിയിൽനിന്ന് ലഭിച്ചെങ്കിലും മുഖവും വാഹനത്തിെൻറ നമ്പറും വ്യക്തമായിരുന്നില്ല. കൂടാതെ, ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ നിരവധി പേര് നോക്കി നിന്നിരുന്നുവെങ്കിലും സാക്ഷികളായി മുന്നോട്ടുവരാന്‍ ആരും തയാറാകാത്തതും പൊലീസിനെ കുഴക്കി.
ജൂൺ 22നാണ് 16കാരനായ ജുനൈദിനും സഹോദരന്മാർക്കുംനേരെ ട്രെയിനിൽ വർഗീയ ആക്രമണം നടന്നത്. ഡൽഹിയിലെ സദർ മാർക്കറ്റിൽനിന്ന് പെരുന്നാളിന് വസ്ത്രവും മറ്റും വാങ്ങി വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് സംഭവം. ഒാഖ്ല സ്റ്റേഷനിൽനിന്ന് കയറിയ ഡൽഹി ജല ബോർഡിലെ ഉദ്യോഗസ്ഥനും ആരോഗ്യവകുപ്പിലെ ഇൻസ്െപക്ടറും ഇവരുമായി സീറ്റിെൻറ പേരിൽ തുടങ്ങിയ തർക്കം നിമിഷങ്ങൾക്കുള്ളിൽ വർഗീയവിഷയമാക്കി മാറ്റി. ഇത് സഹയാത്രികർ ഏറ്റെടുക്കുകയും ബീഫ് കൈയിലുണ്ടെന്നും പാകിസ്താനികളെന്നും ആരോപിച്ച് ഇവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പാണ് ജുനൈദിന് ഖുർആൻ പൂർണമായും മനഃപാഠമാക്കിയതിെൻറ ഹാഫിള് പദവി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
