നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ ഡൽഹിയിൽ
text_fieldsബലേന്ദ്ര ഷാ
ന്യൂഡൽഹി: മാർച്ചിൽ അധികാരമേറ്റ ശേഷം ആദ്യ ഇന്ത്യ സന്ദർശനത്തിനായി ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച ഉഭയകക്ഷി ചർച്ച നടത്തും. ഊർജം, ജലവൈദ്യുതി, റെയിൽവേ, കണക്ടിവിറ്റി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന കാര്യം ഇരുനേതാക്കളും ചർച്ച ചെയ്യും.
ചർച്ചകൾക്കു ശേഷം ഇരു പ്രധാനമന്ത്രിമാരും നേപ്പാളിൽ ഇന്ത്യ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രങ്ങൾ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. രാമായണ പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളായ അയോധ്യയെയും ജനക്പുർധാമിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസ് ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്യും. റക്സൗൾ-കാഠ്മണ്ഡു റെയിൽപാത പദ്ധതിയും അതിർത്തി കടന്നുള്ള യാത്രാ, ചരക്ക് ഗതാഗത സൗകര്യങ്ങളും ചർച്ചയിലുണ്ട്. നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര, ഗതാഗത, നിക്ഷേപ പങ്കാളിയാണ് ഇന്ത്യ. നേപ്പാളിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂന്നിലൊന്നും ഇന്ത്യയിൽനിന്നാണ്. മൊത്തം കയറ്റുമതിയുടെ 80 ശതമാനവും ഇന്ത്യയിലേക്കാണ്.

