ഇന്ത്യ-നേപ്പാൾ ബന്ധം ശക്തമാക്കാൻ ബാലേന്ദ്ര ഷാ ഡൽഹിയിലെത്തും; തിങ്കളാഴ്ച മോദിയുമായി കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഞായറാഴ്ച ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും. മാർച്ചിൽ അധികാരമേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും സന്ദർശനം ലക്ഷ്യമിടുന്നു.
മുൻ കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലേന്ദ്ര ഷാക്കൊപ്പം ധനമന്ത്രി സ്വർണിം വാഗ്ലെ, വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ, പ്രിൻസിപ്പൽ ഉപദേഷ്ടാവ് കുമാർ ബയൻജങ്കർ എന്നിവരുൾപ്പെടെ 34 അംഗ പ്രതിനിധി സംഘവും ഇന്ത്യയിലെത്തും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും. തുടർന്ന് ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ സഹകരണത്തിനുള്ള ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്യും. ഇരുപ്രധാനമന്ത്രിമാരും സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് മോദി നേപ്പാൾ പ്രധാനമന്ത്രിക്കായി ഉച്ചഭക്ഷണ വിരുന്നൊരുക്കും.
രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ബാലേന്ദ്ര ഷാ കൂടിക്കാഴ്ച നടത്തും. മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപമായ രാജ്ഘട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഇന്ത്യ-നേപ്പാൾ ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ചെയ്യും. വികസന സഹകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം, ഊർജം, കണക്ടിവിറ്റി, സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യ, നൂതന ആശയങ്ങൾ, കായികം തുടങ്ങിയ മേഖലകൾ ചർച്ചയാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിൽ ക്രിക്കറ്റും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ഇന്ത്യ നൽകുന്ന സഹായവും ചർച്ചയാകും. വെള്ളപ്പൊക്കത്തിൽ 1,500 പേർ മരിക്കുകയും 5,200-ലധികം പേരെ കാണാതാകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. റോഡുകൾ, പാലങ്ങൾ, വൈദ്യുത നിലയങ്ങൾ, കൃഷിയിടങ്ങൾ, വീടുകൾ എന്നിവക്കും വ്യാപക നാശനഷ്ടമുണ്ടായി.
പടിഞ്ഞാറൻ നേപ്പാളിൽനിന്ന് ലുംബിനിക്കടുത്തുള്ള ഭൈരഹവയിലേക്ക് വാണിജ്യ വിമാനങ്ങൾ സർവിസ് നടത്തുന്നതിനുള്ള അധിക വ്യോമപാത അനുവദിക്കുന്നതും ഇന്ത്യയുമായി ചർച്ച ചെയ്യാൻ നേപ്പാൾ ആലോചിക്കുന്നുണ്ട്. ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലേക്കും വിനോദസഞ്ചാര കേന്ദ്രമായ പൊഖറയിലേക്കുമുള്ള യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നീക്കമുണ്ടാകും.

