ബാലസോർ ട്രെയിൻ ദുരന്തം: ലോക്കോ പൈലറ്റുമാർ സുഖംപ്രാപിക്കുന്നു
text_fieldsഭുവനേശ്വർ: ബാലസോർ ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ ലോക്കോ പൈലറ്റ് ഗുണനിധി മൊഹന്തി, അസിസ്റ്റന്റ് ഹജാരി ബെഹറ എന്നിവർ സുഖംപ്രാപിച്ചുവരുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഭുവനേശ്വർ എയിംസിലാണ് ഇരുവരും ചികിത്സയിലുള്ളത്.
ആദ്യം അപകടത്തിൽപെട്ട കോറമാണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരായിരുന്നു ഇരുവരും. ഗുണനിധി മൊഹന്തിയെ തിങ്കളാഴ്ച ഐ.സി.യുവിൽനിന്ന് മാറ്റി. ബെഹറയുടെ തലക്ക് ശസ്ത്രക്രിയ നടത്താനുണ്ട്. സ്വകാര്യത മാനിക്കണമെന്നും ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുക്കാൻ സമയം നൽകണമെന്നും ഇരുവരുടെയും കുടുംബാംഗങ്ങൾ പറഞ്ഞു.
ട്രെയിൻ ഓടിച്ചത് നിയമാനുസൃതമായതിനാൽ അപകടത്തിന് ലോക്കോ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു. നേരത്തേ ഇരുവർക്കും റെയിൽവേ മന്ത്രാലയം ക്ലീൻചിറ്റ് നൽകിയിരുന്നു.

