കുട്ടികളെ നഗ്നരാക്കിയ സംഭവം: ബേക്കറി ഉടമയും മക്കളും അറസ്റ്റിൽ
text_fieldsതാനെ: ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് രണ്ടു കുട്ടികളെ നഗ്നരാക്കി ചെരുപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിയ സംഭവത്തിൽ ബേക്കറി ഉടമയും മക്കളും അറസ്റ്റിൽ. ബേക്കറി ഉടമ മെഹമൂദ് പാത്താൻ, മക്കളായ ഇർഫാൻ (26), സലിം (22) എന്നിവരെയാണ് താനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മേയ് 21ന് താനെ ഉല്ലാസ് നഗർ പട്ടണത്തിലെ പ്രേംനഗറിലാണ് എട്ടും ഒമ്പതും വയസായ രണ്ടു കുട്ടികൾക്ക് ദുരനുഭവമുണ്ടായത്. സുഹൃത്തുക്കളായ കുട്ടികൾ വീടിനു സമീപത്തെ ബേക്കറിയിൽ കയറി ഉടമയുടെ അനുവദമില്ലാതെ ഒരു പാക്കറ്റ് മുറുക്ക് എടുത്ത് കഴിക്കുകയായിരുന്നു.
ഇത് കണ്ട് േദഷ്യത്തിലായ ബേക്കറി ഉടമ മെഹമൂദ് പാത്താൻ കുട്ടികളെ പിടിച്ചു വച്ചു. തുടർന്ന് പാത്താനും മക്കളും ചേർന്ന് കുട്ടികളുടെ തല മുണ്ഡനം ചെയ്ത് നഗ്നരാക്കി ചെരുപ്പുമാല അണിയിക്കുകയും തെരുവിലൂടെ നടത്തുകയും ചെയ്തു.
വിവരമറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്കസ്റ്റഡിയിൽ എടുത്തത്.
