വിദ്വേഷ പ്രസംഗം: യു.പി ഭവന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു പുരോഹിതൻ ബജ്റംഗ് മുനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ഉത്തർപ്രദേശ് ഭവന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. ഫ്രറ്റേണിറ്റി മൂവ്മെന്റ്, ഐസ, കാമ്പസ് ഫ്രണ്ട് തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച്ചയാണ് യു.പി ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. കനത്ത സുരക്ഷയാണ് യു.പി ഭവന് മുന്നിൽ ഡൽഹി പൊലീസ് ഒരുക്കിയത്. ലഖ്നോവിൽനിന്ന് 100 കി.മീ അകലെ സീതാപുരിലെ ഖൈറാബാദിൽ ശേഷെ വാലി മസ്ജിദിന് സമീപത്ത് ഏപ്രിൽ രണ്ടിന് സംഘടിപ്പിച്ച പരിപാടിയിലാണ് സന്യാസിയുടെ വിദ്വേഷ പ്രസംഗം. മുസ്ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യണം എന്ന ഇയാളുടെ ആഹ്വാനത്തെ ജയ് ശ്രീറാം വിളിച്ചാണ് ആൾക്കൂട്ടം സ്വീകരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

