വീണ്ടും വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്റംഗ്ദൾ ആക്രമണം; ഇത്തവണ ഒഡിഷയിൽ, മർദിച്ചത് 70 അംഗ സംഘം
text_fieldsഭുവനേശ്വർ: ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും ക്രൈസ്തവ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളുമാണ് ആക്രമണത്തിന് ഇരയായത്.
ബുധനാഴ്ച വൈകീട്ട് പ്രദേശത്തെ രണ്ട് കത്തോലിക്കാ വിശ്വാസികളുടെ രണ്ടാം ചരമ വാർഷികത്തിൽ പ്രാർഥനക്കെത്തിയ ജലേശ്വർ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവക വികാരി ഫാ. വി. ജോജോയുമാണ് ആക്രമണത്തിനിരയായ വൈദികർ. രണ്ട് കന്യാസ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.
വൈകീട്ട് ആറിനാണ് കുർബാനയും പ്രാർഥനയും ആരംഭിച്ചത്. രാത്രി ഒമ്പത് മണിയോടെ തിരിച്ചുവരുമ്പോൾ ഗ്രാമത്തിൽനിന്ന് അര കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള ഇടുങ്ങിയ റോഡിൽവെച്ച് ഏകദേശം 70 ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഫാ. ലിജോ പറഞ്ഞു.
തങ്ങളുടെ ആവശ്യപ്രകാരമാണ് വൈദികർ വന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞെങ്കിലും ആക്രമികൾ ചെവിക്കൊണ്ടില്ല. ബി.ജെ.ഡി ഭരണം അവസാനിച്ചുവെന്നും ഇപ്പോൾ ബി.ജെ.പി ഭരണമാണെന്നും ആരെയും ക്രിസ്ത്യാനികളാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് വൈദികർ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ മുന്നിൽവെച്ചും ആക്രമണം തുടർന്നു.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

