ജാമ്യമാണ് നിയമം; കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പോലും ജയിൽ ശിക്ഷ ഒഴിവാക്കാം -പ്രേം പ്രകാശിന് ജാമ്യം നൽകിയതിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജാമ്യം നൽകൽ നിയമമാണെന്നും ജയിൽ ഒഴിവാക്കണമെന്നുമുള്ള വ്യവസ്ഥ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പോലും പാലിക്കപ്പെടണമെന്നും സുപ്രീംകോടതി. ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ സഹായി പ്രേം പ്രകാശിന്റെ ജാമ്യഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ എ.എ.പി നേതാവ് മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലായാൽ പോലും ജാമ്യം നൽകൽ നിയമമാണെന്ന കാര്യം മനീഷ് സിസോദിയയുടെ ഹരജി പരിഗണിക്കുമ്പോഴും ഞങ്ങൾ വ്യക്തമാക്കിയതാണ്. പി.എം.എൽ.എ പ്രകാരം കേസെടുത്ത് അന്വേഷണ ഉദ്യോഗസ്ഥനോട് കുറ്റസമ്മതം നടത്തുന്നത് സാധാരണ തെളിവായി സ്വീകരിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സാക്ഷികളുടെ എണ്ണം കൂടുതലായതിനാൽ പ്രേംപ്രകാശിന്റെ വിചാരണ നീണ്ടുപോയിരുന്നു. ഇക്കാര്യവും 18 മാസം ജയിലിൽ കിടന്നതും ജാമ്യഹരജിയിൽ സുപ്രീംകോടതി പരിഗണിച്ചു. അഞ്ചുലക്ഷം രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് പ്രേംപ്രകാശിന് ജാമ്യം അനുവദിച്ചത്. പ്രേം പ്രകാശ് പ്രഥമ ദൃഷ്ട്യ കുറ്റക്കാരനല്ലെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി.
അനധികൃത ഖനന കേസിൽ 18 മാസമായി ജയിലിലായിരുന്നു ഇദ്ദേഹം. കേസിൽ ഇടനിലക്കാരനെന്നാരോപിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രേംപ്രകാശിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

