ലഖ്നോയിലെ ലുലുമാളിൽ നമസ്കരിച്ചവർക്ക് ജാമ്യം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോയിലെ ലുലുമാളിൽ നമസ്കരിച്ച കേസിൽ അറസ്റ്റിലായ ആറുപേർക്ക് ജാമ്യം ലഭിച്ചു. മുഹമ്മദ് ആദിൽ, മുഹമ്മദ് സഈദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ആതിഫ്, മുഹമ്മദ് റിഹാൻ, മുഹമ്മദ് ലുഖ്മാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അനുമതിയില്ലാതെ മാളിൽ നമസ്കരിച്ചുവെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.
അറസ്റ്റിലായവർക്ക് ലഖ്നോ എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. എപ്പോൾ വേണമെങ്കിലും കോടതിയിൽ ഹാജരാകണം, 20,000 രൂപ പിഴയടക്കണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും നിർദേശമുണ്ട്. ഇവരുടെ മൊബൈൽ നമ്പറുകൾ കോടതിയിൽ ഹാജരാക്കാനും നിർദേശമുണ്ട്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ലുലുമാൾ ഉദ്ഘാടനം ചെയ്തത്. മുതിർന്ന ബി.ജെ.പി നേതാക്കളും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.
ജൂലൈ 12നാണ് ഒരു സംഘം മാളിൽ നമസ്കരിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നത്. തുടർന്ന് മാൾ അധികൃതർ ലഖ്നോ പൊലീസിൽ പരാതി നൽകുകയായിരുന്നു.പിന്നാലെ മാളിൽ നമസ്കരിച്ച അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

