പൗരത്വ സമരനേതാക്കളുടെ ജാമ്യം: അസാധാരണ കാലതാമസമെന്ന് അഭിഭാഷകർ
text_fieldsന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട് അഞ്ചുവർഷത്തിലേറെയായി ജയിലിൽ കഴിയുന്നവരുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷകളിൽ അസാധാരണ കാലതാമസമാണ് നേരിടുന്നതെന്നും ഉമർ ഖാലിദ്, ശർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു.
മൂവരുടെയും ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച വിശദ വാദം കേൾക്കും. ദീർഘകാല തടങ്കലിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിന് അപേക്ഷിക്കുമ്പോൾ കുറ്റത്തിന്റെ ഗൗരവം ഒരു ഘടകമാകരുതെന്ന് നിരവധി വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമർ ഖാലിദിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.
2020 ഫെബ്രുവരി 17ന് അമരാവതിയിൽ നടത്തിയ ഖാലിദിന്റെ പ്രസംഗം പ്രകോപനപരമെന്നാണ് ഡൽഹി ഹൈകോടതി പറഞ്ഞത്. യൂട്യൂബിൽ ലഭ്യമായ ആ പ്രസംഗത്തിൽ ഗാന്ധിയൻ തത്ത്വങ്ങളെക്കുറിച്ചാണ് ഉമർ സംസാരിച്ചതെന്ന് വ്യക്തമാണ്. കലാപം നടക്കുമ്പോൾ ഉമർ ഖാലിദ് ഡൽഹിയിലില്ല. കലാപവുമായി ബന്ധിപ്പിക്കുന്ന സാക്ഷി മൊഴികളുമില്ലെന്ന് സിബൽ ചൂണ്ടിക്കാട്ടി.
2020 ഏപ്രിൽ മുതൽ അഞ്ചു വർഷവും അഞ്ചു മാസവുമായി ജയിലിൽ കഴിയുന്ന ഗുൽഫിഷയുടെ ജാമ്യാപേക്ഷ 90 തവണയിലധികമാണ് ലിസ്റ്റ് ചെയ്തതെന്ന് ഗുൽഫിഷക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ചൂണ്ടിക്കാട്ടി. 2020 സെപ്റ്റംബറിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇപ്പോൾ അവർ വർഷംതോറും കുറ്റപത്രം സമർപ്പിക്കൽ ആചാരമാക്കി മാറ്റിയിരിക്കുന്നു.
കലാപത്തിനു മുമ്പേ ശർജീൽ ഇമാം തടങ്കലിലായിരുന്നെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ഡേവ് വാദിച്ചു. ശർജീൽ അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസംഗത്തിൽ അക്രമത്തിന് താൻ എതിരാണെന്നും സമാധാനപരമായ പ്രതിഷേധങ്ങളാണ് വേണ്ടതെന്ന് ശർജീൽ പറയുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

