ബഗൽകോട്ട് കരിമ്പ് സമരം അക്രമാസക്തം; നൂറിലധികം ട്രാക്ടറുകൾ കത്തിച്ചു, കർണാടക താലൂക്കുകളിൽ 144 പ്രഖ്യാപിച്ചു
text_fieldsഅക്രമികൾ തീയിട്ട ട്രാക്ടറുകൾ കത്തുന്നു
കർണാടക: ബഗൽകോട്ടിൽ കരിമ്പ് കർഷകർ നടത്തിയ പ്രതിഷേധം വ്യാഴാഴ്ച അക്രമാസക്തമായി. ഗോദാവരി ഷുഗേഴ്സ് ഫാക്ടറിക്കുള്ളിൽ കരിമ്പ് നിറച്ച നൂറിലധികം ട്രാക്ടറുകൾ കത്തിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.ദൃശ്യങ്ങളും പ്രാഥമിക റിപ്പോർട്ടുകളും അനുസരിച്ച്, ഫാക്ടറിക്കുള്ളിൽ നിരനിയയായി കിടന്നിരുന്ന ട്രാക്ടറുകൾ കത്തിയമർന്നു. കനത്ത പുക പ്രദേശത്ത് കെട്ടിനിൽക്കുകയായിരുന്നു. ഇതിനിടെ രണ്ട് മോട്ടോർ സൈക്കിളുകളും കത്തിനശിച്ചു.
പൊലീസുകാരുടെ എണ്ണം കുറവായതിനാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ല ഭരണകൂടം ഏറെ പാടുപെട്ടു. പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് ഗോയൽ സംഭവസ്ഥലത്തുണ്ടായിരുന്നു, ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചു.കർഷകരാണ് തീപിടിത്തത്തിന് ഉത്തരവാദികൾ എന്ന വാദം കർഷക നേതാവ് സുഭാഷ് ഷിരാബർ നിഷേധിച്ചു. ‘ഫാക്ടറിയുമായി ബന്ധപ്പെട്ട’ ആളുകളാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ആക്രമണം അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
കരിമ്പ് നിറച്ച ട്രാക്ടറുകൾക്ക് തീയിട്ടത് ഞങ്ങളല്ല. പൊലീസ് സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നു. ആ ഭാഗത്ത് നിന്ന് കല്ലേറുണ്ടായി, ഞങ്ങളിൽ ചില കർഷകർക്കും ചില പൊലീസുകാർക്കും പരിക്കേറ്റു.അക്രമികൾ പൊലീസ് വാഹനങ്ങളെയും കർഷകരെയും ലക്ഷ്യംവെച്ചിരുന്നെന്നും, ഫാക്ടറിക്കുള്ളിലെ തീപിടിത്തം കർഷകരുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്താൻ മനഃപൂർവം ഉണ്ടാക്കിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിലനിർണയത്തെച്ചൊല്ലി കരിമ്പ് കർഷകരും സർക്കാറും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനിടെയാണ് സംഭവം. മുധോളിലെ കർഷകർ ഒരു ടൺ കരിമ്പിന് 3,500 രൂപയാണ് ആവശ്യപ്പെടുന്നത്, കഴിഞ്ഞയാഴ്ച ബെളഗാവിയിലെ കർഷകർ സമ്മതിച്ച 3,300 രൂപ എന്ന പുതുക്കിയ നിരക്ക് അംഗീകരിക്കില്ലെന്നാണ് മുധോളിലെ കർഷകർ പറയുന്നത്.
നേരത്തേ, നൂറുകണക്കിന് പ്രതിഷേധക്കാർ സാംഗൊള്ളി രായണ്ണ സർക്കിളിൽനിന്ന് ട്രാക്ടറും കാളവണ്ടിയും ചേർത്ത് വലിയ റാലിയും നടത്തി, ന്യായവില ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി ഓട്ടോറിക്ഷകളും ഒത്തുചേർന്നു. ന്യായവിലയ്ക്കായുള്ള മുദ്രാവാക്യങ്ങൾ മുധോൾ പട്ടണത്തിൽ ഉയർന്നുകേട്ടു.
ജാംഖണ്ഡി, റബ്കവി-ബനഹട്ടി, മുധോൾ താലൂക്കുകളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് സാധാരണ നില പുനഃസ്ഥാപിക്കാൻ ഡെപ്യൂട്ടി കമീഷണർ സംഗപ്പ ഉത്തരവിട്ടിട്ടുണ്ട്.മുൻകരുതൽ നടപടിയായി വിജയപുര, ബെളഗാവി, അയൽ ജില്ലകളിൽനിന്നും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

