അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന തട്ടിപ്പ് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsഉത്തരാഖണ്ഡ്: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തിലെ സംഭാവന തട്ടിപ്പ് ആരോപണങ്ങൾക്ക് പിന്നാലെ, ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും ഭക്തരുടെ വഴിപാടുകൾ ദുരുപയോഗം ചെയ്തതായി ആരോപണം. ശ്രീ ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര സമിതിയിലെ ഒരു ജീവനക്കാരൻ ക്ഷേത്രത്തിൽ നിന്നുള്ള സംഭാവന പണം മോഷ്ടിച്ചുവെന്നാണ് സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിക്കുന്നത്.
'ഭൈരവ് സേന' എന്ന സംഘടനയുടെ പ്രസിഡന്‍റ് സഞ്ജീവ് ഖത്രിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബി.കെ.ടി.സി ജീവനക്കാരൻ ഭക്തർ സമർപ്പിച്ച വഴിപാടുകൾ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ജൂലൈ രണ്ടിന് രാവിലെ 8 മണി മുതൽ 8:30 വരെയാണ് സംഭവം നടന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്തിൽ ഖത്രി അവകാശപ്പെടുന്നു. ക്ഷേത്ര സമിതിക്കുള്ളിലെ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചതായും സ്വന്തം നിലക്ക് തെളിവുകൾ ശേഖരിച്ച ശേഷം ബി.കെ.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് പരാതി നൽകിയതായും ഖത്രി പറഞ്ഞു.
ബി.കെ.ടി.സി സി.ഇ.ഒ സോഹൻ സിങ് രംഗാറിന് നൽകിയ നിവേദനത്തിൽ ആരോപിക്കപ്പെടുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും ഭൈരവ് സേന ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ആരോപണവിധേയനായ ജീവനക്കാരനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും, പ്രാഥമിക തെളിവുകൾ ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും സംഭാവന തട്ടിപ്പിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളെ ഗൗരവമായി കാണുന്നതായും, നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്താൻ ഒരു അന്വേഷണ സമിതിയെ രൂപീകരിച്ചതായും ആരോപണങ്ങളോട് ബി.കെ.ടി.സി ചെയർമാൻ ഹേം ദ്വിവേദി പ്രതികരിച്ചു. ആരോപണവിധേയനായ ജീവനക്കാരനും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർക്കും നോട്ടീസ് നൽകുമെന്ന് ബി.കെ.ടി.സി സി.ഇ.ഒ സോഹൻ സിങ് രംഗാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
