Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവൾ വീണ്ടും വരുമോ? അച്ഛന്റെ ആഗ്രഹം സാധിക്കാൻ കുടുംബവീട് തേടിയെത്തിയ നവി പിള്ളയുടെ ഓർമയിൽ ഒരു ഗ്രാമം

text_fields
bookmark_border
https://www.madhyamam.com/tags/navi-pillay
cancel
camera_alt

നൊബേൽ പുരസ്കാരം ലഭിച്ച നവനീതം നവി പിള്ള, നവി പിള്ള 2007ൽ തമിഴ്നാട്ടിലെ വട്ടലഗുണ്ടിൽ എത്തിയപ്പോൾ

ഡിണ്ടിഗൽ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച അന്താരാഷ്ട്ര നിയമജ്ഞയും മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം നവി പിള്ളയുടെ ഓർമയിൽ തമിഴ്നാട്ടിലെ ഒരു ഗ്രാമം. ഡിണ്ടിഗൽ ജില്ലയിലെ വട്ടലഗുണ്ടിലാണ് നവി പിള്ളയുടെ കുടുംബവേരുകൾ. 2007-ൽ അവർ കുടുംബവീട്ടിൽ എത്തിയ​തിന്റെ ഓർമ പങ്കുവെക്കുകയും അവർ വീണ്ടും നാട്ടിലെത്തുമെന്ന പ്രതീക്ഷയിലുമാണ് ബന്ധുക്കൾ.

കുടുംബവേരുകളിൽ നിന്ന് അകന്നുകഴിഞ്ഞിരുന്ന നവി പിള്ള തന്നെയാണ് 2007ൽ വട്ടലഗുണ്ടിലെ തറവാടുവീട് അന്വേഷിച്ചു കണ്ടെത്തിയത്. പിതാവിന്റെ ആഗ്രഹപ്രകാരമായിരുന്നു ആ വരവ്.

2006 ൽ മരണപ്പെടുന്നതിനുമുമ്പ് നവിയുടെ പിതാവ് ഒരു പഴയ ഫോട്ടോ കൈമാറുകയും തന്റെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്യണമെന്ന് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ആഗ്രഹം സാധിക്കാൻ ഫോട്ടോയും ഏകദേശ വിലാസവുമായാണ് നവി പിള്ള എത്തിയത്. ഡിണ്ടിഗലിലും പരിസരത്തും 10 ദിവസം അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല.

ഒടുവിൽ ഒരു ചായക്കടയിൽ വെച്ച് അപ്രതീക്ഷിതമായി ഒരു ബന്ധുവിനെ കണ്ടുമുട്ടുകയായിരുന്നു. ഫോട്ടോ കണ്ട അപരിചിതൻ അത് തന്റെ മുത്തച്ഛനാണെന്നു തിരിച്ചറിഞ്ഞതോടെയാണ് തറവാടുവീട്ടിൽ എത്താനായത്. ഇപ്പോൾ, ഓട്ടോ മൊബൈൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് എം. വെങ്കിടേഷ് കുമാറും കുടുംബവുമാണ് തറവാട്ടിൽ താമസിക്കുന്നത്.

2007 ലെ സന്ദർശനം ശരിക്കും വേരുകളിലേക്കുള്ള നവി പിള്ളയുടെ മടക്കമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തന്റെ മുത്തച്ഛനായ നാരായണന്റെ പിതാവ് വെള്ളയ്യ നായഡു, നവി പിള്ളയുടെ മുത്തച്ഛനായ അലഗർസാമി നായഡുവിന്റെ ജ്യേഷ്ഠനാണെന്ന് കുടുംബപരമ്പരയെ കുറിച്ച് 53 കാരനായ എം. മുത്തുമാണി വിശദീകരിച്ചു.

അലഗർസാമി നായഡു 21-ാം വയസ്സിൽ വിവാഹിതനാകുകയും 1890-ൽ ഭാര്യയോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയും ചെയ്തു. നവി പിള്ളയുടെ പിതാവായ നരൈൻ സാമി നായിഡു അദ്ദേഹത്തിന്റെ മകനാണെന്നും മുത്തുമാണി വ്യക്തമാക്കി.

‘‘ഒരു നൂറ്റാണ്ടിലധികം യാതൊരു ബന്ധവുമില്ലായിരുന്നു. 2006-ൽ നരൈൻ സാമി മരിക്കുന്നതിന് മുമ്പ്, തന്റെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം, ഇന്ത്യയിലെ ബന്ധുക്കളെ കണ്ടെത്താൻ കുടുംബം വളരെയേറെ ബുദ്ധിമുട്ടി. നവി പിള്ളക്ക് നൊബേൽ സമ്മാനം ലഭിച്ചതിൽ ഞങ്ങൾക്ക് അത്യധികം സന്തോഷമുണ്ട്. അവർ വീണ്ടും ഇവിടെ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’ -മുത്തുമാണി കൂട്ടി​ച്ചേർത്തു.

സന്ദർശന വേളയിൽ, നവി പിള്ള തങ്ങളുടെ കുടുംബക്ഷേത്രമായ ‘അഴമലൈയൻ വീര ചിന്ന വെട്ട കറുപ്പിലും എത്തിയതായി മറ്റൊരു ബന്ധുവായ എം. വെങ്കിടേഷ് കുമാർ അനുസ്മരിച്ചു. 1970-ൽ ഞങ്ങളുടെ കുടുംബം സന്ദർശിച്ചിരുന്ന നരൈൻ സാമി നായിഡുവാണ് ക്ഷേത്രത്തിന് സ്ഥലം സംഭാവന ചെയ്തത്. അദ്ദേഹം തിരികെ വരുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വന്നില്ലെന്നും വെങ്കിടേഷ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story