ബാബരി മസ്ജിദ് എന്നെന്നും പള്ളിയായിരിക്കും –അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഒരു പള്ളിയായിരുന്നുവെന്നും എന്നെന്നും അത് ഒരു പള്ളിയായിത്തന്നെ അവശേഷിക്കുമെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. നിയമവിരുദ്ധമായി അവകാശമൊഴിപ്പിച്ചതുകൊണ്ട് യാഥാര്‍ഥ്യം മാറുന്നില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. അയോധ്യയില്‍ ബാബരി മസ്ജിദിെൻറ ഭൂമിയില്‍ ഒരു ക്ഷേത്രത്തിെൻറ തറക്കല്ലിടല്‍ കര്‍മം നടക്കുമ്പോള്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അതിെൻറ ചരിത്രപരമായ നിലപാട് ആവര്‍ത്തിക്കുകയാണെന്ന് വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ഒരു സ്ഥലത്ത് പള്ളിയുണ്ടാക്കിയാല്‍ ലോകാവസാനം വരെ അത് പള്ളിയായിത്തന്നെ നിലനില്ക്കും. അതിനാല്‍, മുമ്പ് പള്ളിയായിരുന്ന ബാബരി മസ്ജിദ് ഇന്നും പള്ളിയാണെന്നും അതൊരു പള്ളിയായിത്തന്നെ തുടരുമെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
പള്ളിക്കുള്ളില്‍ വിഗ്രഹം വെച്ചതുകൊണ്ടോ പൂജ നടത്തിയതുകൊണ്ടോ ഏറെക്കാലം നമസ്കാരം വിലക്കിയതുകൊണ്ടോ പള്ളിയാണെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ല. ഏതെങ്കിലും ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബരി മസ്ജിദ് എന്ന തങ്ങളുടെ നിലപാട് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതിതന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ബാബരി ഭൂമിയില്‍ ഉത്ഖനനം നടത്തി കെണ്ടത്തിയെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ പോലും പള്ളി നിര്‍മിക്കുന്നതിനും 400 വര്‍ഷം മുമ്പ് 12ാം നൂറ്റാണ്ടിലേതാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ക്ഷേത്രം തകര്‍ത്തല്ല പള്ളി നിര്‍മിച്ചത് എന്നാണതിനര്‍ഥം.
1949 ഡിസംബർ 22 വരെ ബാബരി മസ്ജിദിനകത്ത് നമസ്കാരം നടന്നതായും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അന്ന് രാത്രി പള്ളിക്കകത്ത് വിഗ്രഹം കൊണ്ടുവന്നുവെച്ചത് നിയമവിരുദ്ധ പ്രവൃത്തിയാണെന്നും 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത് ഭരണഘടന വിരുദ്ധമായ ക്രിമിനല്‍ പ്രവൃത്തിയാണെന്നും സുപ്രീംകോടതി വിധിയിലുണ്ട്.