പാക് പരിശീലനം നേടിയ ബബ്ബർ ഖൽസ തീവ്രവാദികൾ പഞ്ചാബിലേക്ക് കടന്നായി റിപ്പോർട്ട്
text_fieldsചണ്ഡീഗഡ്: പാകിസ്താനിൽ പരിശീലനം നേടിയ ബബ്ബർ ഖൽസ തീവ്രവാദികൾ പഞ്ചാബിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗം. വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ 12 ഒാളം തീവ്രവാദികൾ പഞ്ചാബിെൻറ വിവിധ ഭാഗങ്ങളിലേക്ക് കടന്നതായാണ് വിവരം. രഹസ്യാന്വേഷണ വിഭാഗം നപകിയ വിവരത്തെ തുടർന്ന് സംസ്ഥാനത്ത് പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഒക്ടോബർ 23 ന് ഖൽസ പ്രവർത്തകനായ കമാൽദീപ് സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കശ്മീർ സ്വദേശിയായ കമാൽദീപിനെ ചോദ്യം ചെയ്യുന്നതിനിടെ സായുധ പരിശീലനം നേടിയ ഖൽസ പ്രവർത്തകർ പഞ്ചാബിലെത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. പാകിസ്താനിൽ നിന്നാണ് പരിശീലനം നേടിയതെന്നും വൻസായുധ സന്നാഹത്തോടെയാണ് പ്രവർത്തകർ അതിർത്തി കടന്നതെന്നും കമാൽദീപ് വെളിപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിലായി സംഘർഷമുണ്ടാക്കാൻ തീവ്രവാദികൾ ശ്രമിക്കുമെന്നും രഹസ്യ റിപ്പോർട്ടുണ്ട്. ഇതെ തുടർന്ന് ഡി.ജി.പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
