പരാശരൻ v/s രാജീവ് ധവാൻ
text_fieldsന്യൂഡൽഹി: നിയമയുദ്ധംവഴി ചരിത്രത്തിൽ ഇടംനേടിയ ബാബരി ഭൂമി കേസിൽ ഇരുഭാഗത്തും അ ണിനിരന്നത് മുതിർന്ന അഭിഭാഷകർ. രാംലല്ലക്കുവേണ്ടി അഡ്വ. കെ. പരാശരനും സുന്നി വഖഫ് ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകനായ രാജീവ് ധവാനും വിചാരണമുറിയിൽ പയറ്റിത്തെ ളിഞ്ഞപ്പോൾ പകരംവെക്കാനാവാത്ത നിയമവഴികളെ പരിചയപ്പെടുത്തുന്നതായി 40 നാളത്തെ വി ചാരണ. പ്രമുഖ നിയമജ്ഞനും മുൻ അറ്റോർണി ജനറലുമാണ് കെ. പരാശരൻ. രാജ്യസഭാംഗവും പത്മഭൂഷൺ, പദ്മവിഭൂഷൺ ജേതാവുമാണ്. ചരിത്രവും വിശ്വാസവും ആചാരങ്ങളും കീഴടങ്ങലുകളും കീഴ്പ്പെടുത്തലുകളും ഉത്ഖനനവുമെല്ലാം നിയമംവഴി വ്യാഖ്യാനിക്കാൻ അഭിഭാഷകർ മത്സരിച്ചു.
ബാബരി ഭൂമി കേസിലെ വിചാരണ പൂർത്തിയായി വിധി പറയാൻ മാറ്റിയപ്പോൾ, തെല്ല് നിരാശനായി മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ കോടതിമുറിയിെല കസേരയിലിരുന്നു. നിയമത്തെ ഇഴകീറി വിചാരണമുറിയിൽ ഏറ്റുമുട്ടിയ എട്ടുമാസത്തെ അത്യധ്വാനത്തിന് ശേഷം ഇനിയെന്തെന്ന് ഒരുനിമിഷം അദ്ദേഹം ചിന്തിച്ചുപോയി. 93ാംവയസ്സിലും ചുറുചുറുക്ക് ഒട്ടും ചോരാതെ, ഹൈന്ദവവിശ്വാസികളുടെ വാദം നിരത്താൻ, രാംലല്ലക്കുവേണ്ടിയാണ് കെ. പരാശരൻ നിയമജ്ഞാനത്തിെൻറ പരകോടി കയറിയത്. സഹായികളായി ആറ് യുവ അഭിഭാഷകർകൂടി ചേർന്നതോടെ അദ്ദേഹത്തിന് കരുത്തേറി.
പി.വി. യോഗേശ്വരൻ, അനിരുദ്ധ് ശർമ, ശ്രീധർ പൊറ്റരാജു, അതിഥി ഡാനി, ഡി.എസ്. അശ്വിൻ കുമാർ, ഭക്തിവർധൻ സിങ് എന്നിവരായിരുന്നു ജൂനിയർമാർ. അഭിഭാഷകനെന്ന നിലയിലുള്ള അനുഭവപരിചയവും അസാമാന്യ ഓർമശക്തിയുംകൊണ്ട് പരാശരൻ വിചാരണവേളയിലെ അത്ഭുതകരമായ പല അനുഭവങ്ങൾ ജൂനിയർ വക്കീലന്മാർക്ക്് പറയാനുണ്ട്. ഒന്നും രണ്ടുമല്ല, മണ്ഡലകാലംപോലെ 40 ദിവസമാണ് വിചാരണ നീണ്ടത്. അതിനുവേണ്ടി എട്ടുമാസം നീണ്ടു കേസിെൻറ പഠനം. രാവിലെ പത്തുമുതൽ വൈകീട്ട് നാലും അഞ്ചും മണിവരെയായി വാദനേരങ്ങൾ. തികഞ്ഞ ഹൈന്ദവ വിശ്വാസിയായ പരാശരനാകട്ടെ, രാമൻ ജനിച്ചതെന്ന് കരുതുന്ന സ്ഥലം ഹൈന്ദവവിശ്വാസികൾക്കായി നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കിക്കൊടുക്കുക എന്നത് ജന്മസുകൃതംപോലൊരു അനുഷ്ഠാനമായിരുന്നു. അതിെൻറ നിർവൃതിയിലാണ് അദ്ദേഹം ശനിയാഴ്ച വിധികേട്ടശേഷം മടങ്ങിയത്.
തർക്കഭൂമി മുസ്ലിം ജനസഹസ്രങ്ങൾ വർഷങ്ങളായി ആരാധന നടത്തിയതാണെന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി വാദിക്കാൻ എത്തിയത് മുതിർന്ന അഭിഭാഷകനായ രാജീവ് ധവാനാണ്. 1949 ഡിസംബർ 22ന് അർധരാത്രിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ട് മനപ്പൂർവം വിഗ്രഹങ്ങൾ ബാബരി മസ്ജിദിൽ കൊണ്ടുവെച്ചതാണെന്ന് അദ്ദേഹം സമർഥിച്ചു. ശ്രീരാമെൻറ ജന്മസ്ഥലമാണ് ഇതെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അർഥശങ്കക്ക് ഇടയില്ലാത്തവിധം വാദിച്ചു. പുരാവസ്തു വകുപ്പ് ചിലതെല്ലാം കണ്ടെടുത്തുവെന്ന വാദത്തെയും ധവാൻ ഖണ്ഡിച്ചു. ഹൈന്ദവ ആരാധനാലയം എന്ന് സാധൂകരിക്കാവുന്ന യാതൊന്നും അവിടെനിന്ന് കുഴിച്ചെടുക്കാനായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമിച്ച് കീഴടക്കുന്നതിൽ ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങൾ നിരത്താനുണ്ട്. ഹൈന്ദവർ ആക്രമിച്ച് കീഴടക്കുന്നത് ധർമവും മുസ്ലിംകൾ അത് ചെയ്താൽ അധർമവും ആകുന്നത് എന്തർഥത്തിലാണെന്ന ധവാെൻറ ചോദ്യവും വിചാരണക്കോടതിയിൽ മുഴങ്ങി.
വിചാരണയുടെ അവസാനദിനം, രാമജന്മഭൂമി എവിടെയന്ന് പറയുന്ന ഭൂപടം ഹിന്ദു മഹാസഭ കോടതിയില്‍ ഹാജരാക്കിയിരുന്നു. പുതിയതായി ഹാജരാക്കിയ രേഖക്കെതിരെ എതിര്‍പ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കില്‍ അത് കീറികളയൂ എന്നായി ചീഫ് ജസ്റ്റിസ്. ഇത് കേട്ടയുടന്‍ രാജീവ് ധവാന് ഭൂപടം കീറി. അത് വിവാദമാവുകയും ചെയ്തു. ഇത്തരത്തിൽ ഒട്ടനവധി നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയായിട്ടുണ്ട് വിചാരണമുറി. ഒക്ടോബർ 16െല, അവസാനദിനം വിചാരണക്കൊടുവിൽ, കോടതിമുറിക്ക് പുറത്ത് രാജീവ് ധവാെൻറ വരവുംകാത്ത് പരാശരൻ ഇരുന്നു, കാൽ മണിക്കൂറിലേറെ. ഒരുമിച്ചൊരു ചിത്രമെടുക്കാൻ. അഭിഭാഷകർ ഏറ്റുമുട്ടേണ്ടത് കോടതിമുറിയിലാണ്. വിചാരണവേളയിലാണ്. വേറൊരിടത്തും ഇവർ തമ്മിൽ ശത്രുതയില്ലെന്ന് രാജ്യത്തിന് കാട്ടിക്കൊടുക്കേണ്ട ഉത്തരവാദിത്തം മുതിർന്ന അഭിഭാഷകനെന്ന നിലക്ക് ഉണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തെൻറ വ്യക്തിത്വത്തിെൻറ മഹത്വം വെളിപ്പെടുത്തിയത്. അത് ഒത്തൊരുമയുടെ, പൊരുത്തത്തിെൻറ, ഇണക്കത്തിെൻറ മറ്റൊരു കാഹളവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
