ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ ബാബരി ഭൂമിക്കേസ് അടിയന്തരമായി കേൾക്കണമെന്ന സംഘ്പരിവാറിെൻറ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് തള്ളി. മോദി സർക്കാറിെൻറകൂടി കണക്കുകൂട്ടലുകൾ തെറ്റിച്ച പ്രതികരണത്തിൽ വിചാരണ എപ്പോൾ തുടങ്ങുമെന്ന് പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഒാർമിപ്പിച്ചു. കേസ് ഇനി ജനുവരിയിൽ പരിഗണിക്കും.
ഇൗ മാസം 29ന് അന്തിമവാദം തുടങ്ങാൻ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് എടുത്ത തീരുമാനമാണ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബാബരി കേസ് പരിഗണിച്ച ആദ്യ ദിവസംതന്നെ തിരുത്തിയത്.
2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബാബരി കേസിലെ വിധി വരാനായിരുന്നു കേന്ദ്ര സർക്കാറും ഉത്തർപ്രദേശ് സർക്കാറും അടിയന്തരമായി കേസ് കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ച് മുമ്പാകെ ഇൗ കേസ് വിളിച്ചയുടൻ അടിയന്തരമായി കേൾക്കണമെന്നും തെരഞ്ഞെടുപ്പാണ് വരുന്നതെന്നും സോളിസിറ്റർ ജനറലുമായ തുഷാർ മേത്ത ആവശ്യപ്പെട്ടു.
യു.പിയിലെ ബി.ജെ.പി സർക്കാറിന് വേണ്ടിയായിരുന്നു മേത്ത തിങ്കളാഴ്ച ഹാജരായത്.എന്നാൽ, മേത്തയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഗൊഗോയി തള്ളി. തുടർന്ന് തിങ്കളാഴ്ച അന്തിമവാദം തുടങ്ങാൻ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുറപ്പെടുവിച്ച ഉത്തരവും ബെഞ്ച് ദുർബലപ്പെടുത്തി. കേസിൽ അന്തിമ വാദം എന്ന് തുടങ്ങണമെന്ന് ഇതിനായുണ്ടാക്കുന്ന പുതിയ ബെഞ്ച് ജനുവരിയിൽ തീരുമാനിക്കുമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. കേസ് പരിഗണിക്കുന്ന പുതിയ ബെഞ്ച് അവർക്ക് അനുയോജ്യമായ സമയം തീരുമാനിക്കെട്ട എന്നും കോടതി ചൂണ്ടിക്കാട്ടി.
അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ആവർത്തിച്ച തുഷാർ മേത്തയോട് ‘‘തങ്ങൾക്ക് തങ്ങളുടേതായ മുൻഗണനാക്രമങ്ങളുണ്ട്’’ എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. ജനുവരിയിലോ ഫെബ്രുവരിയിലോ മാർച്ചിലോ പരിഗണിക്കണമെന്ന് പുതിയ ബെഞ്ച് തീരുമാനിക്കെട്ട എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ഇതുവരെ കേട്ടിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരെ മാറ്റി പകരം ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരെ കൊണ്ടുവന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തിങ്കളാഴ്ച കേസ് പരിഗണിച്ചത്. ആ ബെഞ്ചും മാറി പുതിയൊരു ബെഞ്ചായിരിക്കും ബാബരി മസ്ജിദ് നിന്ന ഭൂമി ആരുടേതെന്ന തർക്കത്തിൽ തീർപ്പു കൽപിക്കുക.