ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി ഏറ്റെടുത്ത് രാമക്ഷേത്രമുണ്ടാക്കാൻ ഒാർഡിന ൻസ് ഇറക്കിയാൽ സുപ്രീംകോടതിയെ സമീപിക്കാൻ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി തീരു മാനിച്ചു. ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ഒാർഡിനൻസ് പാ സാക്കാൻ ആർ.എസ്.എസ് സമ്മർദം ചെലുത്തുന്നതിനിടെ ബാബരി ഭൂമി കേസ് അതിവേഗത്തിൽ വിചാരണ ചെയ്ത് രാമക്ഷേത്രത്തിന് വഴിയൊരുക്കണമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
ശബരിമല കേസിൽ ചെയ്തത് ബാബരി കേസിലുമാകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ സമ്മേളനത്തിലാണ് രവിശങ്കർ പ്രസാദ് ഇൗ ആവശ്യമുന്നയിച്ചത്. എന്നാൽ, എല്ലാ രേഖകളും പരിശോധിക്കാതെ കേസിൽ ധിറുതി കാണിച്ച് വിധി പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുമെന്ന് ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറും ഉത്തർപ്രദേശ് മുൻ അഡ്വക്കറ്റ് ജനറലുമായ സഫരിയാബ് ജീലാനി പറഞ്ഞു. ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് സുന്നി വഖഫ് ബോർഡിനെപ്പോലെ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും നേരേത്ത വ്യക്തമാക്കിയതാണ്.
കോടതിയെ മറികടന്ന് ഒത്തുതീർപ്പുണ്ടാക്കി ബാബരി ഭൂമിയിൽ രാമക്ഷേത്രം ഉയർത്താൻ സംഘ്പരിവാറിനുവേണ്ടി സുബ്രമണ്യം സ്വാമിയും ശ്രീശ്രീ രവിശങ്കറും നടത്തിയ മധ്യസ്ഥശ്രമങ്ങളും ഇരുകൂട്ടരും തള്ളിക്കളഞ്ഞിരുന്നു. അതിനുശേഷമാണ് ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്തും ഒാർഡിനൻസ് ആവശ്യവുമായി രംഗത്തുവന്നത്.
2019ൽ പൊതുതെരഞ്ഞെടുപ്പ് വരുന്നതിനാൽ കേസ് അടിയന്തരമായി കേൾക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രീംകോടതി കേസ് ജനുവരിയിലേക്കു മാറ്റിയത് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചിരുന്നു.