ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്ക് വധഭീഷണി; 20കാരൻ അറസ്റ്റിൽ
text_fieldsബാബ സിദ്ദിഖിയും മകൻ സീഷൻ സിദ്ദിഖിയും
മുംബൈ: കൊല്ലപ്പെട്ട എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ 20കാരനായ യുവാവ് അറസ്റ്റിൽ.
ഗുർഫാൻ എന്ന മുഹമ്മദ് തയ്യബ് ആണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 39 ഏരിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മുംബൈ പൊലീസ് ട്രാൻസിറ്റ് റിമാൻഡിൽ പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഭീഷണി കോളുകൾ വന്നത്. ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എൻ.സി.പി എം.എൽ.എയായ സീഷൻ സിദ്ദിഖിയുടെ ഓഫിസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ഫോൺ വിളിച്ച പ്രതി സീഷൻ സിദ്ദിഖിയിൽ നിന്നും മോചനദ്രവ്യവും ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 12ന് എൻ.സി.പി നോതാവും മഹാരാഷ്ട്ര മുൻ സഹമന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ അധോലോക ഗുണ്ട തലവൻ ലോറൻസ് ബിഷ്‍ണോയി സംഘം ഏറ്റെടുത്തിരുന്നു. ഇതേ സംഘം ബോളിവുഡ് താരം സൽമാൻ ഖാനെതിരെയും വധഭീഷണി മുഴക്കി. ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

