ബാബ സിദ്ദിഖി വധക്കേസ്: അൻമോൽ ബിഷ്‌ണോയ്, ശുഭം ലോങ്കർ, യാസിൻ അക്തർ എന്നിവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ സജീവ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ലോറൻസ് ബിഷ്‍ണോയ് ഗുണ്ടാസംഘത്തിലെ അംഗങ്ങളായ അൻമോൽ ബിഷ്‌ണോയ്, ശുഭം ലോങ്കർ, യാസിൻ അക്തർ എന്നിവർക്കെതിരെ പ്രത്യേക മക്കോക്ക കോടതി തുറന്ന വാറണ്ട് പുറപ്പെടുവിച്ചു.
ഈ പ്രതികളെ കണ്ടെത്താനാകാത്തതിനാൽ ഇവർക്കെതിരെ വാറണ്ട് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ചൊവ്വാഴ്ച പ്രത്യേക മക്കോക്ക കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്‌ടോബർ 12നാണ് മകൻ സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫിസിന് പുറത്തുവെച്ച് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 26 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തലവനായ ലോറൻസ് ബിഷ്‌ണോയിയാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നാരോപിച്ച് പൊലീസ് കഴിഞ്ഞ മാസം ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
സിദ്ദിഖിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് ബിഷ്‌ണോയി നിർദ്ദേശം നൽകിയത് സ്‌നാപ്ചാറ്റിലൂടെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാജീദ് ഷെയ്ഖ് വാദിച്ചു. കൂടാതെ, സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ അക്തർ അറസ്റ്റിലായ പ്രതികളും വെടിവെപ്പുകാരുമായ ധർമ്മരാജ് കശ്യപ്, ഗുർമെൽ സിങ്, ശിവകുമാർ ഗൗതം എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതികൾ കുറ്റകൃത്യത്തിൽ സജീവമായി പങ്കാളികളാണെന്നും അന്വേഷണ ഏജൻസി നിരവധി തവണ ശ്രമിച്ചിട്ടും കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

