ജയിലിന് പുറത്ത് ഇ.ഡി കസ്റ്റഡിയിലെടുത്ത നടപടി: അസം ഖാൻ സുപ്രീം കോടതിയെ സമീപിച്ചു
text_fieldsന്യൂഡൽഹി: ജാമ്യം ലഭിച്ച് റാംപൂർ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ അസം ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. ഏഴു വർഷം പഴക്കമുള്ള പാൻ കാർഡ് തട്ടിപ്പ് കേസിലാണ് ഒക്ടോബർ 31ന് ജയിലിന് പുറത്ത് വെച്ച് ഇ.ഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് അഭിഭാഷകൻ നിസാം പാഷ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ലക്ഷ്യത്തോടെ അസം ഖാനെതിരെ സംസ്ഥാന സർക്കാർ കേസുകൾ തുടർച്ചയായി കൊണ്ടുവരുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. നേരത്തെയും സുപ്രീംകോടതി ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും കേസുകൾ തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴു വർഷം പഴക്കമുള്ള എഫ്.ഐ.ആറിലാണ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതെന്നും അസം ഖാന്റെ മോചനം വൈകിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അഭിഭാഷകൻ വാദിച്ചു.
അസം ഖാനെതിരെ ഇതുവരെ 87 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് 88ാമത്തേതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കസ്റ്റഡിയിലെടുത്തതെന്നും ആരോപിച്ചു. ഈ ആഴ്ച തന്നെ ഹരജിയിൽ വാദം കേൾക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം, ഇ.ഡി കസ്റ്റഡിക്ക് തൊട്ടുമുമ്പ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് അലഹബാദ് ഹൈകോടതിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതിന് പകരം ഹൈകോടതിയെത്തന്നെ സമീപിക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി. ഹൈകോടതിയിൽ വിശ്വാസമർപ്പിക്കണമെന്നും നേരത്തെയും അദ്ദേഹത്തിന് ആശ്വാസം നൽകിയ കോടതിയാണതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹരജി വൈകാതെ പരിഗണിക്കാൻ ഹൈകോടതിയോട് അഭ്യർഥിക്കാമെന്നും അറിയിച്ചു. എങ്കിലും ഹരജി ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, ഈ ആഴ്ച തന്നെ ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി ഉറപ്പുനൽകി.

