അസം ഖാന് ഇടക്കാല ജാമ്യം; അറസ്റ്റിൽ ഇ.ഡിക്ക് കോടതി വിമർശനം
text_fieldsഅസം ഖാൻ
പ്രയാഗ്‌രാജ്: സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് ഇടക്കാല ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അറസ്റ്റിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്താണ് കോടതിയുടെ നടപടി. അറസ്റ്റിന്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന സംശയം ഉന്നയിച്ച കോടതി, ഇ.ഡിയോട് വിശദീകരണം തേടുകയും ചെയ്തു.
ഒക്ടോബർ 31നാണ് അസം ഖാനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ജാമ്യം ലഭിച്ച് രാംപൂർ ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ജയിലിന്റെ കവാടത്തിൽവെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം നൽകിയില്ലെന്നാണ് അസം ഖാന്റെ പരാതി.
എന്നാൽ, രേഖകൾ കൈമാറാൻ ശ്രമിച്ചെങ്കിലും അസം ഖാൻ സ്വീകരിച്ചില്ലെന്നാണ് ഇ.ഡിയുടെ വാദം. അറസ്റ്റിന്റെ മെമ്മോയും മറ്റ് രേഖകളും കൈമാറിയെന്നതിന് മതിയായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണം അറിയിക്കണമെന്ന ഭരണഘടനാപരമായ വ്യവസ്ഥയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ചട്ടങ്ങളും ഇ.ഡി പാലിച്ചിട്ടുണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
ഇ.ഡിയോട് ഒരാഴ്ചയ്ക്കകം വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും അസം ഖാന് മറുപടി നൽകാൻ പത്ത് ദിവസത്തെ സമയവും അനുവദിച്ചു. ജാമ്യത്തിനായി നിശ്ചിത തുകയുടെ ബോണ്ടും രണ്ട് പേരുടെ ആൾജാമ്യവും സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം,വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ നേരത്തെ അനുകൂല കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലും അസം ഖാന് ഇടക്കാല ജാമ്യം ലഭിക്കുന്നത്. ഇതോടെ രണ്ട് കേസുകളിലും അസം ഖാന് ആശ്വാസമായി.

