യൂട്യൂബ് ലൈവ് യോഗ സ്ട്രീമിംഗിൽ ആയുഷ് മന്ത്രാലയത്തിന് ഗിന്നസ് റെക്കോർഡ്
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് മുന്നോടിയായി ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം പങ്കെടുത്ത യൂട്യൂബ് ലൈവ് യോഗ സ്ട്രീമിംഗിനുള്ള പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കേന്ദ്ര ആയുഷ് മന്ത്രാലയം സ്വന്തമാക്കി. ജൂൺ 14-ന് നടന്ന തത്സമയ യോഗാ പരിശീലന സെഷനിൽ 4,35,831 ആളുകളാണ് ഔദ്യോഗികമായി പങ്കെടുത്തത്.
ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ ഭാഗമായി മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, ഹാബിൽഡ് എന്നിവയുമായി സഹകരിച്ചാണ് ആയുഷ് മന്ത്രാലയം ആഗോള ഓൺലൈൻ യോഗ സെഷൻ സംഘടിപ്പിച്ചത്. 2024-ൽ സ്ഥാപിക്കപ്പെട്ട 2,46,252 കാഴ്ചക്കാരുടെ പഴയ റെക്കോർഡാണ് ഇത്തവണ ഇന്ത്യ തിരുത്തിക്കുറിച്ചത്. മുൻ റെക്കോർഡിനേക്കാൾ 1,89,579 കാഴ്ചക്കാരെ അധികമായി ആകർഷിക്കാൻ ഈ യോഗ സ്ട്രീമിന് സാധിച്ചതായി മന്ത്രാലയം അറിയിച്ചു.
ചരിത്രപരമായ നേട്ടത്തിന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ്‌റാവു ജാദവ് അഭിനന്ദിച്ചു.ലോകമെമ്പാടും ഒരു ആഗോള ജനകീയ പ്രസ്ഥാനമായി യോഗ പരിണമിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര യോഗ ദിനത്തെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത് ഇന്ത്യക്ക് അഭിമാനകരമായ കാര്യമാണെന്നും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി യോഗക്കുളള വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗിന്നസ് ബുക്ക് പ്രതിനിധികൾ തത്സമയം നിരീക്ഷിച്ച ശേഷമാണ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. "ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ" എന്നതായിരുന്നു യോഗ ദിനത്തിന്റെ ഭാഗമായി നടത്തിയ ഈ പരിപാടിയുടെ പ്രധാന പ്രമേയം.യോഗ എന്നത് ഒരു ദിവസത്തെ ആചരണത്തിൽ ഒതുക്കാതെ, വർഷത്തിൽ 365 ദിവസവും ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന "യോഗ 365" പദ്ധതിയുടെ വലിയൊരു വിജയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂൺ 21-ന് കൊൽക്കത്തയിൽ വെച്ചാണ് ദേശീയ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

