അലോപ്പതി, ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകാനാവില്ലെന്ന വിധി; പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: അലോപ്പതി, ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകാനാവില്ലെന്ന വിധിക്കെതിരെ സമർപ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിയിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും മറ്റ് ഏതാനും വ്യക്തികളുമാണ് പുന:പരിശോധന ഹരജികൾ സമർപ്പിച്ചത്.
ഏപ്രിൽ 26നായിരുന്നു നേരത്തെയുള്ള സുപ്രീംകോടതി വിധി. സർക്കാർ ആശുപത്രികളിലെ അലോപ്പതി-ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകണമെന്ന് 2012ൽ ഗുജറാത്ത് ഹൈകോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് അലോപ്പതി, ആയുർവേദ ഡോക്ടർമാർക്ക് ഒരേ ശമ്പളം നൽകാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചത്.
ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് നേരത്തെ വിധി പറഞ്ഞത്. ആയുർവേദ ചികിത്സകരുടെ പ്രാധാന്യം അംഗീകരിച്ച് തദ്ദേശീയമായ ബദൽ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, അതേസമയം ഇരുവിഭാഗം ഡോക്ടർമാരും ഒരുപോലെ ശമ്പളം നൽകാവുന്ന ഒരേ ജോലിയല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളിലും പരിക്കുകളേൽക്കുമ്പോഴും അലോപ്പതി ഡോക്ടർമാർക്ക് ചെയ്യാൻ കഴിയുന്നത് ആയുർവേദ ഡോക്ടർമാർക്കാവില്ല.
എം.ബി.ബി.എസ് ഡോക്ടർമാർ നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താനും ആയുർവേദക്കാർക്ക് കഴിയില്ല. ഒരു ചികിത്സാ സമ്പ്രദായം മറ്റൊന്നിന് മുകളിലാണെന്ന് നാം മനസ്സിലാക്കരുത്. വൈദ്യശാസ്ത്രത്തിലെ ഈ രണ്ട് ശാഖകളുടെയും ആപേക്ഷികമായ മെച്ചം കണക്കാക്കേണ്ട ബാധ്യത കോടതിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

