Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'രാമക്ഷേത്ര കൊള്ളയിൽ വമ്പൻ സ്രാവുകളെ സംരക്ഷിക്കുന്നു'; കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

text_fields
bookmark_border
‘Why Are Big Fish Being Protected?’ Congress Questions Delay in Ayodhya Ram Temple Donation Theft Chargesheet
cancel
camera_alt

ജയറാം രമേശ്

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കപ്പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സംഭവത്തിൽ ഉന്നതരെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ധനകാര്യ-മാനേജ്‌മെന്റ് സംവിധാനങ്ങളിൽ സമഗ്രമായ ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു. കേസിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ ആദ്യ അറസ്റ്റ് നടന്ന് നിയമപരമായ 90 ദിവസത്തെ കാലാവധി തികയുന്ന സെപ്റ്റംബർ 25-നോ അതിന് മുമ്പോ ആദ്യ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം. നിശ്ചിത കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാകുമെന്നിരിക്കെ, അവസാന നിമിഷം വരെ അന്വേഷണ സംഘം സമയം നീട്ടിക്കൊണ്ടുപോയതിനെ ജയറാം രമേശ് ചോദ്യം ചെയ്തു. ക്ഷേത്ര പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 105 തവണ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയെന്ന റിപ്പോർട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി; പ്രാഥമിക അന്വേഷണത്തിൽ 70 സംഭവങ്ങളായിരുന്നു കണ്ടെത്തിയിരുന്നത്.

1971-ലെ പ്രശസ്തമായ 'രാം കാ നാം ബദ്നാം ന കരോ' എന്ന ഹിന്ദി ചലച്ചിത്ര ഗാനത്തിലെ വരികൾ കടമെടുത്ത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'എക്സി'ലൂടെ ബി.ജെ.പിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. 'കാണിക്ക മോഷണം, വിശ്വാസവഞ്ചന. 'ബി.ജെ.പിക്കാരേ, നിങ്ങളീ പണി ചെയ്യരുത്, രാമന്റെ പേര് കളങ്കപ്പെടുത്തരുത്!' എന്ന് അദ്ദേഹം പരിഹസിച്ചു. കേസിൽ കുറ്റപത്രം വൈകിക്കുന്നത് വമ്പൻ സ്രാവുകളെ രക്ഷിക്കാനാണോ എന്നും, കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം മോഷണം പോയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും എന്തുകൊണ്ടാണ് രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടാത്തതെന്നും ജയറാം രമേശ് ചോദിച്ചു. 'ഇത് പ്രതികളുടെ മാത്രം പ്രശ്നമല്ല, ഇവരുടെയൊക്കെ മൂക്കിൻതുമ്പിൽ വെച്ച് ഇത്രയും നടന്നിട്ടും ആർക്കാണ് ഇതിൽ ഉത്തരവാദിത്തമുള്ളത് എന്നതിന്റെ കൂടി പ്രശ്നമാണ്,' അദ്ദേഹം ഓർമിപ്പിച്ചു.

ക്ഷേത്രത്തിലെ പണമിടപാടുകളിലെ തിരിമറി സംബന്ധിച്ച് ആർ.ജെ.ഡി എം.പി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികൾ പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് യു.പി സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ അന്വേഷണ പുരോഗതി വ്യക്തമാക്കിയത്. അന്വേഷണം ഏറക്കുറെ പൂർത്തിയായെന്നും മുദ്രവെച്ച കവറിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടതിയെ അറിയിച്ചു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സമ്പൂർണ അന്വേഷണവും ഫോറൻസിക് ഓഡിറ്റും വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Why Are Big Fish Being Protected?’ Congress Questions Delay in Ayodhya Ram Temple Donation Theft Chargesheet
Next Story