അയോധ്യ രാമക്ഷേത്രം; വജ്രം പതിപ്പിച്ച സ്വർണ, വെള്ളി ഇഷ്ടികകളും കാണാനില്ല; ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ പരാതി
text_fieldsലഖ്‌നോ: രാമക്ഷേത്ര പ്രസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽനിന്ന് സംഭാവനയായി ലഭിച്ച അമൂല്യമായ ഇഷ്ടികകൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാരവാഹികൾക്കെതിരെ പൊലീസിൽ പരാതി. സ്വർണം, വെള്ളി, വജ്രം എന്നിവ പതിച്ചതും അഷ്ടധാതുക്കൾ കൊണ്ട് നിർമിച്ചതുമായ 1,250 ഓളം ഇഷ്ടികകളാണ് കാണാതായത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുൻകാല നേതാവും ധർമസേന തലവനുമായ സന്തോഷ് ദുബെയാണ് ചൊവ്വാഴ്ച പൊലീസിനെ സമീപിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അയോധ്യ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം.
ഭാരവാഹികളായ അനിൽ മിശ്ര, ഗോപാൽ റാവു, ചമ്പത് റായുടെ മുൻ ഡ്രൈവർ റാം ശങ്കർ യാദവ് (തിന്നു യാദവ്) എന്നിവർക്കെതിരെയും നടപചിയെടുക്കണമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗാളിന്റെ ആഹ്വാനപ്രകാരം രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ഭക്തർ നൽകിയ വിലപിടിപ്പുള്ള ഇഷ്ടികകളാണ് കാണാതായിരിക്കുന്നത്. മൗറീഷ്യസിൽനിന്ന് അയച്ച സവിശേഷമായ ഇഷ്ടികയും, മുംബൈയിലെ പ്രമുഖ വ്യവസായി നൽകിയ വജ്രം പതിച്ച ഇഷ്ടികയും കാണാതായവയിൽ ഉൾപ്പെടുന്നുവെന്ന് സന്തോഷ് ദുബെ ആരോപിക്കുന്നു. കൂടാതെ, ട്രസ്റ്റുമായി ബന്ധപ്പെട്ട ചില വ്യക്തികളുടെ ആസ്തികളിൽ സമീപകാലത്തുണ്ടായ വൻ വർധനവിനെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ഒരുകാലത്ത് ഡ്രൈവറായിരുന്ന വ്യക്തിക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ടെന്നും ദുബെ ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവങ്ങളോട് പ്രതികരിക്കാൻ ചമ്പത് റായ് തയാറായിട്ടില്ല. അദ്ദേഹം രോഗബാധിതനാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മറ്റൊരു ഭാരവാഹിയായ അനിൽ മിശ്ര നിലവിൽ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്താണെന്നുമാണ് സൂചന ലഭിച്ചത്. നിലവിൽ ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച നാലംഗ പ്രത്യേക അന്വേഷണ സംഘം അയോധ്യയിൽ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ സംഘം ആറ് മണിക്കൂറോളം ചെലവഴിച്ച് കാണിക്ക ശേഖരിക്കുന്നതും എണ്ണുന്നതും ബാങ്കിൽ നിക്ഷേപിക്കുന്നതുമായ നടപടിക്രമങ്ങളും രേഖകളും പരിശോധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ വിഭാഗത്തിൽ ജോലി ചെയ്ത ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണ് എസ്.ഐ.ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

