അയോധ്യയിലെ രാംപഥിൽ മദ്യവും മാംസവും വിൽക്കുന്നതിന് നിരോധനം
text_fieldsലഖ്നോ: യു.പിയിലെ അയോധ്യയെയും ഫൈസാബാദ് നഗരത്തെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള സുപ്രധാന പാതയായ രാംപഥിന്റെ പരിസരത്ത് മദ്യവും മാംസവും വിൽക്കുന്നത് നിരോധിച്ച് പ്രമേയം പാസാക്കി അയോധ്യ മുനിസിപ്പൽ കോർപറേഷൻ. പാൻ, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്കും നിരോധനം വ്യാപിപ്പിക്കും. അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പാതയിലാണ്.
അയോധ്യയിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വില്പന വളരെക്കാലമായി നിലവിലില്ലെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങൾ ഉൾപ്പെടെ മുഴുവൻ രാംപഥിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് പുതുതായി അംഗീകരിച്ച പ്രമേയം ലക്ഷ്യമിടുന്നത്. അയോധ്യ മേയർ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.
നഗരത്തിന്റെ മതപരമായ ആത്മാവ് നിലനിർത്തുന്നതിനാണ് മേയർ, ഡെപ്യൂട്ടി മേയർ, 12 കോർപ്പറേറ്റർമാർ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നിരോധനം നടപ്പിലാക്കുന്നതിനുള്ള പ്രമേയം പാസാക്കിയതെന്ന് മേയർ പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരേയൊരു മുസ്ലീം കോർപ്പറേറ്റർ ബി.ജെ.പിയിൽ നിന്നുള്ള സുൽത്താൻ അൻസാരിയാണ്.
രാംപഥിൽ സരയൂ തീരം മുതലുള്ള അഞ്ച് കിലോമീറ്റർ മേഖല ഫൈസാബാദ് നഗരപരിധിയിലാണ്. നിലവിൽ ഈ ഭാഗത്ത് മാംസവും മദ്യവും വിൽക്കുന്ന നിരവധി കടകൾ ഉണ്ട്. നിരോധനത്തിന്റെ നടത്തിപ്പ് വിശദാംശങ്ങളും സമയക്രമവും മുനിസിപ്പൽ കോർപറേഷൻ ഉടൻ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

