''മൈ ലോർഡ്' എന്ന അഭിസംബോധന നിർത്തൂ, എന്‍റെ പകുതി ശമ്പളം തരാം'; അഭിഭാഷകരോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി
text_fieldsന്യൂഡൽഹി: ജുഡീഷ്യൽ നടപടിക്രമങ്ങൾക്കിടെ 'മൈ ലോർഡ്' യുവർ ലോർഡ്ഷിപ്സ്' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിൽ അതൃപ്തിയറിയിച്ച് സുപ്രീംകോടതി ജഡ്ജി. അത്തരം പരാമർശങ്ങൾ ഒഴിവാക്കിയാൽ തന്‍റെ പകുതി ശമ്പളം നൽകാമെന്നും ജസ്റ്റിസ് നരസിംഹ പറഞ്ഞു. ജഡ്ജിമാരെ മൈ ലോർഡ് എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം സർ എന്ന് അഭിസംബോധന ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബുധനാഴ്ച ജസ്റ്റിസ് ബൊപ്പണ്ണയുൾപ്പെടെയുള്ള ബെഞ്ച് വാദം കേൾക്കുന്നതിനിടെയായിരുന്നു നരസിംഹയുടെ പരാമർശം. "എത്ര തവണ നിങ്ങൾ മൈ ലോർഡ് എന്നും യുവർ ലോർഡ്ഷിപ്സ് എന്നും വിളിക്കും? ഇത്തരം അഭിസംബോധനകൾ നിർത്തിയാൽ എന്റെ ശമ്പളത്തിന്‍റെ പകുതിയും ഞാൻ നിങ്ങൾക്ക് നൽകാം. മൈ ലോർഡ് എന്നതിന് പകരം എന്തുകൊണ്ട് സർ എന്ന് അഭിസംബോധന ചെയ്തുകൂടാ?" - ജസ്റ്റിസ് നരസിംഹ പറഞ്ഞു.
വാദപ്രതിവാദത്തിനിടെ അഭിഭാഷകർ ജഡ്ജിമാരെ മൈ ലോർഡ് എന്നാണ് അഭിസംബോധന ചെയ്യുക. ഇത്തരം പരാമർശങ്ങൾ കൊളോണിയൽ കാലഘട്ടത്തിന്‍റെ ബാക്കിപത്രമാണെന്നും അടിമത്തത്തിന്‍റെ അടയാളമാണെന്നും വാദങ്ങളുണ്ട്.
നേരത്തെ ഒറീസ ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. തന്നെ അഭിസംബോധന ചെയ്യുന്ന സമയത്ത് മൈ ലോർഡ്, ഓണറബിൾ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. 2009ൽ ഡൽഹി ഹൈകോടതി അഭിഭാഷകരോടും 2020ൽ പഞ്ചാബ് ഹൈകോടതി അഭിഭാഷകരോടും മുരളീധർ സമാന ആവശ്യമുന്നയിച്ചിരുന്നു.
1970കളിൽ ഒറീസ ഹൈകോടതി ജഡ്ജിമാരെ സർ എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടത്തിയിരുന്നു. 2006ൽ ജഡ്ജിമാരെ അഭിഭാഷകർ മൈ ലോർഡ് എന്നോ യുവർ ലോർഡ്ഷിപ് എന്നോ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

