‘സനാതനികളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കുക’; ആർ.എസ്.എസ് സ്വാധീനത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി സിദ്ധരാമയ്യ
text_fieldsന്യൂഡൽഹി: ‘സനാതനി’കളുമായി സഹവസിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സംരക്ഷകരായ രാഷ്ട്രീയ സ്വയംസേവക സംഘത്തിനും സംഘപരിവാറിനുമെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ബി.ആർ അംബേദ്കറെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയെയും ചരിത്രപരമായി എതിർക്കുന്നവരാണിവരെന്ന് അദ്ദേഹം ആരോപിച്ചു. ‘ശരിയായ കൂട്ടുകെട്ട് പുലർത്തുക. സാമൂഹിക മാറ്റത്തെ എതിർക്കുന്നവരുമായോ ‘സനാതനി’കളുമായോ ആവരുത് അത്. സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നവരുമായി സഹവസിക്കുക’. സിദ്ധരാമയ്യ പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ അടുത്തിടെ ചെരിപ്പ് എറിഞ്ഞ സംഭവത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. അത് ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതികതയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു ‘സനാതനി’ ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പ് എറിഞ്ഞു എന്നത് ‘സനാതനി’കളും യാഥാസ്ഥിതിക ഘടകങ്ങളും ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്ന് കാണിക്കുന്നു. ഈ പ്രവൃത്തിയെ ദലിതർ മാത്രമല്ല, എല്ലാവരും അപലപിക്കണം. അപ്പോൾ മാത്രമേ സമൂഹം മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങുന്നുവെന്ന് നമുക്ക് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസും സംഘപരിവാറും എല്ലായ്‌പ്പോഴും അംബേദ്കറുടെ ദർശനങ്ങളെ എതിർത്തിരുന്നുവെന്നും ഭരണഘടനയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്നത് തുടരുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. കോൺഗ്രസ് അംബേദ്കറെ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തിയെന്ന് അവർ നുണകൾ പ്രചരിപ്പിക്കുകയാണ്. എന്നാൽ സത്യം അംബേദ്കർ തന്നെ സ്വന്തം കൈപ്പടയിൽ എഴുതിയതാണ്. ‘സവർക്കറും ഡാങ്കെയും എന്നെ പരാജയപ്പെടുത്തി’. സംഘപരിവാറിന്റെ നുണകൾ തുറന്നുകാട്ടാൻ അത്തരം സത്യങ്ങൾ സമൂഹത്തിന് മുന്നിൽ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കറെ പരിഷ്കരണത്തിനുള്ള ഉപകരണമായി അറിവ് ഉപയോഗിച്ച ഒരു ദർശകനെന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ, സമൂഹത്തെ മനസ്സിലാക്കാൻ അദ്ദേഹം അറിവ് നേടുകയും സമൂഹത്തെ മാറ്റാൻ ജീവിതത്തിലുടനീളം അവ ഉപയോഗിച്ചുവെന്നും പറഞ്ഞു. ആ പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ സർക്കാറിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുകാട്ടി. അംബേദ്കറെ പഠിക്കുന്നവർക്ക് അദ്ദേഹത്തിന്റെ പാതയിൽ നടക്കാൻ കഴിയുന്നതിനാണ് ഞാൻ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് സ്ഥാപിച്ചത്. അംബേദ്കർ സമാനതകളില്ലാത്ത വ്യക്തിത്വമാണ്. മറ്റൊരു അംബേദ്കർ ഒരിക്കലും ജനിക്കില്ല. പക്ഷേ, എല്ലാവരും അദ്ദേഹത്തിന്റെ ആദർശങ്ങളും കാൽച്ചുവടുകളും പിന്തുടരണം -കർണാടക മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

