ഇൻഡിഗോക്ക് ആശ്വാസം; പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിൽ ഇളവുമായി ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ താളംതെറ്റിയതിന് പിന്നാലെ പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിൽ ഇളവുമായി ഡി.ജി.സി.എ. വിശ്രമസമയവുമായി ബന്ധപ്പെട്ട നിബന്ധനയിലാണ് ഡി.ജി.സി.എ ഇളവ് അനുവദിച്ചത്. ആഴ്ചാവധിയെ വിശ്രമസമയമായി കണക്കാക്കാനാവില്ലെന്ന് ഡി.ജി.സി.എ നിലപാടെടുത്തിരുന്നു. ഈ നിബന്ധനയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
തുടർച്ചയായ മൂന്നാം ദിവസമാണ് ഇൻഡിഗോ സർവീസുകൾ താളംതെറ്റുന്നത്. വെള്ളിയാഴ്ച മാത്രം 700ഓളം ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ഇതുമൂലം എയർപോർട്ടുകളിൽ നൂറുകണക്കിനാളുകളാണ് കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം 550 സർവീസുകളും ഇൻഡിഗോക്ക് റദ്ദാക്കേണ്ടി വന്നിരുന്നു. ഡൽഹിയിൽ ഇന്ന് മാത്രം 235 സർവീസുകൾ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിലെ ഇൻഡിഗോ സർവീസുകൾ ആറ് മണിവരെ തടസപ്പെടുമെന്നാണ് റിപ്പോർട്ട്.
മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എയർപോർട്ടുകളിലും വ്യാപകമായി വിമാനസർവീസുകൾ തടസപ്പെടുകയാണ്. ഇൻഡിഗോ സർവീസുകൾ മുടങ്ങിയതോടെ മറ്റ് വിമാനകമ്പനികളുടെ സർവീസുകളുടെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയർന്നിരുന്നു. ഇൻഡിഗോ വിമാനസർവീസുകൾ റദ്ദാക്കിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാനമന്ത്രി പ്രതികരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇൻഡിഗോക്ക് ആഭ്യന്തര വ്യോമയാന മേഖലയിലെ കുത്തക നൽകിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്ന് രാഹുൽ ഗാന്ധിയും വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, ശൈത്യകാല ഷെഡ്യൂളുകളുടെ സമ്മർദത്തിനൊപ്പം ഡി.ജി.സി.എയുടെ നിയമങ്ങൾ കൂടി വന്നതോടെയാണ് വിമാനസർവീസുകൾ വ്യാപകമായി തടസപ്പെടുന്ന സാഹചര്യമുണ്ടായതെന്നാണ് ഇൻഡിഗോ നൽകുന്ന വിശദീകരണം. പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും ഫെബ്രുവരി 10 വരെ ഇളവ് അനുവദിക്കണമെന്നും ഇൻഡിഗോ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

