മഹാകുംഭമേളയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
text_fieldsപ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നു വരുന്ന മഹാകുംഭമേളയിൽ ഭക്തരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ മാർഗനിർദേശങ്ങളുമായി അധികൃതർ. ഗതാഗതത്തിനും കുളിക്കുന്നതിനുമുള്ള മാർഗ നിർദേശങ്ങളാണ് പുതുതായി പുറപ്പെടുവിച്ചത്.
പരേഡ് മേള പ്രദേശത്ത് നിന്ന് സംഗമത്തിലേക്ക് സ്‌നാനം ചെയ്യാൻ വരുന്ന ഭക്തർക്ക് സംഗമത്തിലും പരേഡ് ഏരിയയിലും നിർമ്മിച്ച മറ്റ് ഘട്ടുകളിലും കുളിക്കാൻ സൗകര്യമുണ്ടാകും. ജുൻസി മേള പ്രദേശത്ത് നിന്ന് മുങ്ങിക്കുളിക്കാൻ വരുന്ന ഭക്തർക്ക് ജുൻസിയിൽ നിർമ്മിച്ചിരിക്കുന്ന സ്നാനഘട്ടങ്ങളിൽ കുളിക്കാൻ സൗകര്യമുണ്ട്. അരളി ഭാഗത്തുനിന്ന് വരുന്ന ഭക്തർക്കും ഇത് ബാധകമാണ്.
മേളയിൽ ഭക്തർക്കായി അനുവദിച്ചിട്ടുള്ള വാഹനങ്ങൾ മാത്രമേ മഹാ കുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. മറ്റു വാഹന ഉടമകൾ അവരുടെ വാഹനങ്ങൾ നിശ്ചിത പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പൊലീസ് അറിയിച്ചു.
ആംബുലൻസുകൾ, ഭക്ഷണം, ലോജിസ്റ്റിക് വാഹനങ്ങൾ, മെഡിക്കൽ സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ മാത്രമേ കുംഭമേള പ്രദേശത്ത് അനുവദിക്കൂ. അതിനിടെ, ഫെബ്രുവരി 15, 16, 17 തീയതികളിൽ ഭക്തർക്കായി പ്രത്യേക വന്ദേ ഭാരത് ട്രെയിനുകൾ നോർത്തേൺ റെയിൽവേ പ്രഖ്യാപിച്ചു.
ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ (പ്രയാഗ്‌രാജ് വഴി) വന്ദേ ഭാരത് സ്പെഷൽ ട്രെയിൻ സർവീസ് ആണ് ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

