അനധികൃതമായി കൈവശപ്പെടുത്തിയവ സൂക്ഷിക്കുന്നത് മോഷണത്തിന് തുല്യം; ഇന്ത‍്യയിലെ പുരാവസ്തുക്കൾ തിരികെ നൽകുമെന്ന് ആസ്ട്രേലിയന്‍ മന്ത്രി ടോണി ബർക്ക്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യയുടെ പുരാവസ്തുക്കൾ തിരികെ നൽകുമെന്ന് ആസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രിയും കലാസാസ്കാരിക മന്ത്രിയുമായ ടോണി ബർക്ക്. ഓസ്‌ട്രേലിയയിലെ വിവിധ മ്യൂസിയങ്ങളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ഇന്ത്യൻ പുരാവസ്തുക്കൾ മോഷണസ്വത്താണെന്നും, ഇന്ത്യയുടെ അഭ്യർഥനയ്ക്കായി കാത്തുനിൽക്കാതെ അവ തിരിച്ചുനൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ആസ്‌ട്രേലിയ സന്ദർശനത്തിനിടെ ഇന്ത്യയുടെ നിരവധി സുപ്രധാന പുരാവസ്തുക്കൾ തിരിച്ചുനൽകുമെന്ന് പ്രധാനമന്ത്രി ആന്‍റണി അൽബനീസ് പ്രഖ്യാപിച്ച് പിന്നാലെ ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോണി ബർക്ക് ഇക്കാര്യം അറിയിച്ചത്. ഇത് നയതന്ത്ര നടപടിയല്ലെന്നും, തുടർച്ചയായി പാലിക്കേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മോഷണം അംഗീകരിക്കാവുന്നതാണെന്ന് ലോകത്തിലെ ഒരു രാജ്യവും കരുതാൻ പാടില്ല. നിയമാനുസൃതമായി സ്വന്തമാക്കിയതല്ലാത്ത ഒരു വസ്തു കൈവശം വെക്കുന്നത് മോഷണമാണ് എന്ന് ബർക്ക് കൂട്ടി ചേർത്തു.
നാഷണൽ ഗാലറി ഓഫ് ഓസ്‌ട്രേലിയയുടെ കൈവശമുണ്ടായിരുന്ന ഒരു ശിവപ്രതിമ അത് കൈവശം വെക്കാൻ നിയമപരമായ അവകാശമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയ്ക്ക് തിരികെ നൽകിയിരുന്നുവെന്നും പ്രതികരണത്തിനിടെ ബർക്ക് അറിയിച്ചു. അടുത്തിടെ തിരിച്ചുനൽകിയ പുരാവസ്തുക്കളും ഇതേ കണ്ടെത്തലിനെതുടർന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടിക്ക് ഇന്ത്യ-ആസ്‌ട്രേലിയ ബന്ധത്തിലെ പരസ്പര വിശ്വാസവുമായി നേരിട്ട് ബന്ധമുണ്ടെന്നും ബർക്ക് അഭിപ്രായപ്പെട്ടു. ഇത് വെറും പ്രതീകാത്മക നടപടിയല്ല, മറിച്ച് സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും വ്യക്തമായ തെളിവാണ്.
ഇന്ത്യ പോലുള്ള ഒരു സുഹൃദ്‌രാജ്യത്തോടുള്ള വിശ്വാസവും സൗഹൃദവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പുരാവസ്തുക്കൾ തിരിച്ചുനൽകുന്നത്. എന്നാൽ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വിശാലമായ സാംസ്കാരിക-തന്ത്രപ്രധാന സഹകരണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ വിഷയം. അതേ സമയം താന്‍ ഇന്ത‍്യന്‍ സിനിമയുടെ വലിയ ആരാധകനാണെന്നും ആമിർഖാനുമായി ആദ്യമായി കൂടികാഴ്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

