തലകുനിച്ച് രാജ്യം; ഇൻഡോറിൽ ആസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ അതിക്രമം, പ്രതി പിടിയിൽ
text_fieldsഇൻഡോർ: നടക്കാനിറങ്ങിയ ആസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗീകാതിക്രമം. രാജ്യത്തിന് നാണക്കേടായ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി ഇൻഡോർ പൊലീസ് അറിയിച്ചു. ഇൻഡോർ സ്വദേശി അഖിൽ ഖാനാണ് അറസ്റ്റിലായത്.
ഐ.സി.സി വനിത ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാനെത്തിയ രണ്ട് താരങ്ങൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഖജ്‌റാന റോഡിന് സമീപം നടക്കാനിറങ്ങിയതായിരുന്നു യുവതികൾ. ഇതിനിടെ, ബൈക്കിൽ ഇവരെ പിന്തുടർന്നെത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു.
യുവതികൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നിറങ്ങി സമീപത്തെ ഒരു കഫേയിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് സബ് ഇൻസ്പെക്ടർ നിധി രഘുവംശി പറഞ്ഞു. ഭയന്ന യുവതികൾ ടീം സെക്യൂരിറ്റി ഓഫീസറായ ഡാനി സിമ്മൺസിനെ വിവരമറിയിച്ചു. തുടർന്ന്, അദ്ദേഹം പ്രാദേശിക സുരക്ഷാ ലെയ്‌സൺ ഓഫീസർമാരുമായി ബന്ധപ്പെടുകയും ഇരുവരുടെയും സഹായത്തിന് വാഹനമയക്കുകയുമായിരുന്നു.
സംഭവത്തിൽ വിവരം ലഭിച്ചയുടൻ ഇരുവരെയും സന്ദർശിച്ചിരുന്നുവെന്നും മൊഴിരേഖപ്പെടുത്തിയിരുന്നുവെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഹിമാനി മിശ്ര പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമവും അപായപ്പെടുത്താൻ ലക്ഷ്യമിട്ട് പിന്തുടരലുമടക്കം കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

