‘മിതവ്യയം ജനങ്ങൾക്ക്, ധൂർത്ത് നിങ്ങൾക്ക്’ -മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാജ് താക്കറെ
text_fieldsമുംബൈ: ലളിതജീവിതം നയിക്കാനും ഇന്ധന ഉപയോഗം കുറക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരിഹാസവുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ. രാഷ്ട്രീയക്കാർക്ക് ഒരു നിയമവും സാധാരണക്കാർക്ക് മറ്റൊരു നിയമവുമാണോ എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താക്കറെയുടെ പ്രതികരണം.
അടുത്തകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ആഡംബര പ്രചാരണങ്ങളെ താക്കറെ ചോദ്യം ചെയ്തു. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് വാഹനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ റോഡ് ഷോകളിലും റാലികളിലും എത്ര കോടി ലിറ്റർ ഇന്ധനമാണ് കത്തിച്ചുതീർത്തതെന്ന് അദ്ദേഹം ചോദിച്ചു. അന്നൊന്നും ഉണ്ടാകാത്ത ‘ബുദ്ധിയുദയം’ ഇപ്പോൾ സാധാരണക്കാരോട് ഉപദേശിക്കുമ്പോൾ മാത്രമാണോ ഉണ്ടാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ കാലത്തും ആഗോളതലത്തിൽ ഇന്ധനവില വർധിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം ജനങ്ങളെ ഉപദേശിക്കാൻ നടന്നിട്ടില്ലെന്നും താക്കറെ ഓർമിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സമയത്ത് ഇന്ത്യയിൽ വലിയ തോതിൽ നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞ പണം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് വ്യക്തമാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദുർബലമാണ്. ഇതിന് പശ്ചിമേഷ്യൻ പ്രതിസന്ധിയെ പഴിചാരിയിട്ട് കാര്യമില്ല. പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ (മനസ്സിലെ കാര്യങ്ങൾ) മടുത്തു, ഇനി യഥാർത്ഥ സാമ്പത്തിക വിദഗ്ധരുടെ മൻ കി ബാത്ത് കേൾക്കാൻ സർക്കാർ തയ്യാറാകണം.
കഴിഞ്ഞ 10 വർഷത്തിനിടെ രൂപയുടെ മൂല്യം ഇടിഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ജനങ്ങളുടെ മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏൽപ്പിക്കുന്നതിന് പകരം സർക്കാർ സ്വന്തം ധൂർത്ത് കുറയ്ക്കുകയാണ് വേണ്ടതെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

