ടാസ്ക് പൂർത്തിയാക്കിയാൽ പണം, 500 ഇട്ടാൽ 1000 കിട്ടും; ഓഡിറ്റ് മാനേജർക്ക് നഷ്ടമായത് 40 ലക്ഷം
text_fieldsമുംബൈ: ഓൺലൈൻ തട്ടിപ്പിൽ മുംബൈയിലെ പ്രമുഖ ഓഡിറ്റ് കമ്പനി മാനേജർക്ക് നഷ്ടമായത് 40 ലക്ഷം രൂപ. വിവിധ 'ടാസ്കു'കൾ പൂർത്തിയാക്കുന്ന 'ജോലി'യാണ് തട്ടിപ്പുകാർ ഇയാൾക്ക് നൽകിയത്. തുടക്കത്തിൽ പണം നൽകി വിശ്വാസം നേടിയ ശേഷം കൂടുതൽ പണം ഇയാളെക്കൊണ്ട് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ടെലഗ്രാം ചാനൽ വഴിയായിരുന്നു തട്ടിപ്പ്.
പൊലീസ് പറയുന്നത് ഇങ്ങനെ:- മുംബൈയിലെ പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ മാനേജറാണ് തട്ടിപ്പിനിരയായ 38കാരൻ. ഇദ്ദേഹത്തിന്‍റെ ഫോണിലേക്ക് ജൂലൈ ഒന്നിന് പാർട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി ഒരു മെസേജ് വരികയായിരുന്നു. ഇതിൽ ഒരു യൂട്യൂബ് ചാനലിന്‍റെ ലിങ്ക് ഉണ്ടായിരുന്നു.
ഈ ലിങ്ക് വഴി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് പിന്നാലെ തട്ടിപ്പുകാർ ഇയാളെ ടെലഗ്രാം വഴി ബന്ധപ്പെട്ടു. ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് പ്രതിഫലമായി 200 രൂപ നൽകുകയാണെന്നും അക്കൗണ്ട് വിവരങ്ങൾ വേണമെന്നും പറഞ്ഞു. അക്കൗണ്ട് വിവരം നൽകിയതോടെ 200 രൂപ ക്രെഡിറ്റായി.
ഇതിന് പിന്നാലെ പാർട്-ടൈം ജോലിയുടേതെന്ന പേരിലുള്ള ഒരു ടെലഗ്രാം ഗ്രൂപ്പിൽ ഇയാളെ ആഡ് ചെയ്തു. വേറെയും ആളുകൾ ഗ്രൂപ്പിലുണ്ടായിരുന്നു. ടാസ്കുകൾ പൂർത്തിയാക്കിയാൽ പ്രതിഫലം നൽകുമെന്നും പക്ഷേ അതിന് മുമ്പ് സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്നും ഇത് തിരികെ നൽകുമെന്നും തട്ടിപ്പുകാർ പറഞ്ഞു.
ഇവർ പറഞ്ഞതുപ്രകാരം മാനേജർ ടാസ്കുകൾക്കായുള്ള മറ്റൊരു വെബ്സൈറ്റിലെത്തി അക്കൗണ്ട് തുറന്നു. ആദ്യം 2000, 5000, 10,000 എന്നിങ്ങനെ തുകകൾ നിക്ഷേപിച്ചുള്ള ടാസ്കുകളാണ് ഇയാൾക്ക് നൽകിയത്. ടാസ്കുകൾ പൂർത്തിയായതും 23,300 രൂപ പ്രതിഫലമായി ലഭിച്ചു. ഇതോടെ മാനേജർക്ക് പണം ലഭിക്കുമെന്ന കാര്യത്തിൽ വിശ്വാസമായി.
പിന്നീട് കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്ത് പൂർത്തിയാക്കാനുള്ള ടാസ്കുകൾ നൽകി. ഇവയ്ക്കെല്ലാം അധികം തുക പ്രതിഫലവും ലഭിച്ചു. ഏറ്റവുമൊടുവിൽ 39.76 ലക്ഷം രൂപ നിക്ഷേപിച്ചുള്ള ടാസ്കാണ് ഇയാൾ എടുത്തത്. എന്നാൽ, ടാസ്ക് പൂർത്തിയായിട്ടും തട്ടിപ്പുകാരുടെ പ്രതികരണമുണ്ടായില്ല.
തട്ടിപ്പിനിരയായെന്ന് ബോധ്യമായതോടെ ഇയാൾ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

