ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേൽ മദ്യപിച്ച് കാർ ഓടിച്ചു കയറ്റി; ഡ്രൈവർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാർ പ്രദേശത്തെ ശിവ ക്യാമ്പിന് സമീപം ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു ദമ്പതികളും എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെ അഞ്ചു പേരുടെ മേൽ ഓഡി കാർ ഡ്രൈവർ ഇടിച്ചുകയറ്റി. ഗുരുതരമായി പരിക്കേറ്റ എല്ലാവരും ആശുപത്രിയിലാണ്. മദ്യപിച്ച് വണ്ടിയോടിച്ച ഉത്സവ് ശേഖർ (40) എന്നയാൾ അറസ്റ്റിലായി. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 9 ന് പുലർച്ചെ 1.45 ഓടെയാണ് അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാൻ നിവാസികളായ ലാധി (40), അവരുടെ എട്ട് വയസ്സുള്ള മകൾ ബിമല, ഭർത്താവ് സബാമി എന്ന ചിർമ (45), രാം ചന്ദർ (45), ഭാര്യ നാരായണി (35) എന്നിവരാണ് ഇരകളെന്ന് തിരിച്ചറിഞ്ഞു.
ശിവ ക്യാമ്പിന് മുന്നിലുള്ള ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ ഒരു വെളുത്ത ഓഡി കാർ ഇവരുടെ മുകളിലൂടെ ഇടിച്ചുകയറ്റിയതായി പ്രാഥമിക അന്വേഷണത്തിലും ദൃക്‌സാക്ഷി മൊഴികളിലും വ്യക്തമായി. ദ്വാരക നിവാസിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

