യാത്രക്കാരുടെ ശ്രദ്ധക്ക്; ജൂലൈ ഒന്ന് മുതൽ ട്രെയിൻ യാത്രാനിരക്ക് കൂടും
text_fieldsന്യൂഡൽഹി: ജൂലൈ ഒന്നുമുതൽ ദീർഘദൂര ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ യാത്രാനിരക്ക് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. സബർബൻ, സീസസൺ ടിക്കറ്റ് നിരക്ക് നിലവിലെ നിരക്കിൽ തുടരും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ ഫെയർ ചാർട്ട് വൈകാതെ റെയിൽവേ മന്ത്രാലയം പുറത്തുവിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടിക്കറ്റ് ചാർജ് ഉയർത്തുമെങ്കിലും യാത്രക്കാർക്ക് താങ്ങാവുന്ന നിലയിലാകും വർധനയെന്നാണ് വിവരം. മുംബൈയിൽ മാത്രം പ്രതിദിനം ഏഴ് ദശലക്ഷം യാത്രക്കാർ ആശ്രയിക്കുന്ന സബർബൻ ട്രെയിനുകളുടെ നിരക്ക് ഉയർത്തില്ല. മെട്രോ നഗരങ്ങളിലുൾപ്പെടെ സ്ഥിരം യാത്രക്കാർ ഉപയോഗിക്കുന്ന സീസൺ ടിക്കറ്റുകളിലും വർധനയുണ്ടാകില്ലെന്നത് യാത്രക്കാർക്ക് ആശ്വാസമാണ്.
ദീർഘദൂര യാത്രകൾക്ക് ക്ലാസ് അനുസരിച്ച് നിരക്ക് വർധനയിൽ വ്യത്യാസമുണ്ടാകും. ഓഡിനറി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ 500 കിലോമീറ്റർ വരെ നിരക്ക് വർധനയുണ്ടാകില്ല. എന്നാൽ 500നു മുകളിൽ ഓരോ കിലോമീറ്ററിനും 0.5 പൈസ വീതം കൂടും. മെയിൽ / എക്സ്പ്രസ് ട്രെയിനുകളിൽ നോൺ എ.സി ക്ലാസുകളിൽ കിലോമീറ്ററിന് 1 പൈസയും എ.സി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസയും ഉയർത്തും.
ട്രെയിൻ സർവീസുകളുടെ ഗുണനിലവാരമുയർത്തുക, റെയിൽവേയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിരക്ക് വർധനയെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണക്കാരെയും സ്ഥിരം യാത്രക്കാരെയും ബാധിക്കാത്ത രീതിയിലാണ് നിരക്കു വർധനയെന്നും റെയിൽവേ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

