‘സ്വാതന്ത്ര്യസമരത്തെ അപമാനിക്കൽ’; മധ്യപ്രദേശിലെ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റുന്നതിൽ പ്രതിഷേധം ശക്തം
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ പ്രശസ്തമായ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റാനുള്ള ബി.ജെ.പി സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തോടും രാജ്യത്തിന്റെ മോചനത്തിനായി ജീവിതം സമർപ്പിച്ച വീരനായകരോടുമുള്ള ആർ.എസ്.എസ്-ബി.ജെ.പി സഖ്യത്തിന്റെ വിദ്വേഷമാണ് ഈ നീക്കത്തിലൂടെ വീണ്ടും പുറത്തുവരുന്നതെന്ന് സി.പി.ഐ ആരോപിച്ചു.
ഭോപ്പാലിന്റെ മകൻ എന്നതിനപ്പുറം, ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ മുൻനിര വിപ്ലവകാരികളിൽ ഒരാളായിരുന്നു മൗലാന ബർക്കത്തുല്ല ഭോപ്പാലി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച അദ്ദേഹം, ഗദ്ദർ പ്രസ്ഥാനത്തിന്റെ നേതാവും കാബൂളിൽ സ്ഥാപിതമായ ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക സർക്കാറിന്റെ പ്രധാനമന്ത്രിയുമായിരുന്നു. റഷ്യയിലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെയും ലെനിനെയും ശക്തമായി പിന്തുണച്ച അന്താരാഷ്ട്ര പാരമ്പര്യമുള്ള നേതാവുകൂടിയാണ് അദ്ദേഹമെന്ന് സി.പി.ഐ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
രാജാ മഹേന്ദ്ര പ്രതാപ്, ശ്യാംജി കൃഷ്ണ വർമ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിപ്ലവകാരികൾക്കൊപ്പം പ്രവർത്തിച്ച ബർക്കത്തുല്ല ഭോപ്പാലിയുടെ പാരമ്പര്യം ഏതെങ്കിലും ഒരു സമുദായത്തിന്റേതല്ല, മറിച്ച് ഈ രാജ്യത്തിന്റെ മുഴുവൻ സ്വത്താണെന്നും സി.പി.ഐ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മാറ്റുന്നത് കൊണ്ട് പുതിയ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയോ, പഠന നിലവാരം മെച്ചപ്പെടുകയോ, സർവ്വകലാശാലകൾ ശക്തിപ്പെടുകയോ ഇല്ല. ചരിത്രത്തെ തിരുത്തിയെഴുതാനും ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ മാറ്റിസ്ഥാപിക്കാനും ശ്രമിക്കുന്ന ആർ.എസ്.എസിന്റെ ഇടുങ്ങിയ രാഷ്ട്രീയ അജണ്ട മാത്രമാണ് ഇതിന് പിന്നിലെന്നും സി.പി.ഐ കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ബി.ജെ.പി സർക്കാറിന്റെ മുൻഗണനകൾ എന്താണെന്ന് ഈ നീക്കത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, സ്വകാര്യവൽക്കരണം, അഴിമതി, അധ്യാപകരുടെ കുറവ്, ഗ്രാമീണ സ്കൂളുകൾ അടച്ചുപൂട്ടൽ എന്നിവയാൽ രാജ്യത്തെ വിദ്യാഭ്യാസ മേഖല തകർന്നുതരിപ്പണമായി കിടക്കുന്ന സമയത്താണിത്. ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പകരം, സർവ്വകലാശാലയുടെ പേര് മാറ്റുന്നത് പോലുള്ള വിഭജന-വർഗീയ അജണ്ടകൾക്കായി മധ്യപ്രദേശ് സർക്കാർ ഊർജ്ജം കളയുകയാണെന്നും സി.പി.ഐ വ്യക്തമാക്കി.
വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനും എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. ഒരു മഹാനായ സ്വാതന്ത്ര്യസമര സേനാനിയുടെ പാരമ്പര്യത്തെ വേട്ടയാടുന്നത് അവസാനിപ്പിച്ച്, വിദ്യാഭ്യാസ രംഗത്തെ ആഴത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും ചരിത്രത്തെ വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കുന്നത് നിർത്തണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തെ ഉയർത്തിപ്പിടിക്കാനും 11ാം നൂറ്റാണ്ടിലെ പാർമർ രാജാവായിരുന്ന രാജാ ഭോജിന്റെ ബൗദ്ധിക സംഭാവനകളെ ആദരിക്കാനുമാണ് ഈ പേരുമാറ്റമെന്നാണ് സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ബി. സിങ്ങിന്റെ അവകാശവാദം. എന്നാൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു മഹദ്‌വ്യക്തിയുടെ പേര് മാറ്റുന്നത് ഉചിതമല്ലെന്നും പുതിയ പേരിൽ മറ്റൊരു സർവകലാശാല സ്ഥാപിക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം പ്രൊഫ. താഹിറ അബ്ബാസി യോഗത്തിൽ ഈ തീരുമാനത്തെ ശക്തമായി എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

