Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതാക്കൾക്ക് നേരെ...

നേതാക്കൾക്ക് നേരെ തെരുവിൽ ആക്രമണം; അടിയന്തര യോഗം ബഹിഷ്കരിച്ച് ഭൂരിഭാഗം എം.എൽ.എമാരും

text_fields
bookmark_border
നേതാക്കൾക്ക് നേരെ തെരുവിൽ ആക്രമണം; അടിയന്തര യോഗം ബഹിഷ്കരിച്ച് ഭൂരിഭാഗം എം.എൽ.എമാരും
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. പാർട്ടിയുടെ രണ്ടാംസ്ഥാനക്കാരനും നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്ക് നേരെ പൊതുജന മധ്യത്തിൽ ഉണ്ടായ ക്രൂരമായ ആക്രമണത്തിന് പിന്നാലെ, പാർട്ടിയുടെ മുതിർന്ന നേതാവ് ഷോവന്ദേബ് ചതോപാധ്യായ വിളിച്ചുചേർത്ത അടിയന്തര യോഗം ഭൂരിഭാഗം എം.എൽ.എമാരും ബഹിഷ്കരിച്ചു.

ആകെ 80 ടി.എം.സി എം.എ.എൽ.എമാരുള്ളതിൽ വെറും 20 പേർ മാത്രമാണ് യോഗത്തിനെത്തിയത്. ഇത് മമത ബാനർജിയുടെ നേതൃത്വത്തിനെതിരെയുള്ള പരസ്യമായ ആഭ്യന്തര കലാപത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ശനിയാഴ്ചയാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ സൗത്തിൽ വെച്ചാണ് അഭിഷേക് ബാനർജിക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പാനന്തര അക്രമങ്ങളിൽ കൊല്ലപ്പെട്ട ടി.എം.സി പ്രവർത്തകൻ സഞ്ജു കർമാകറിന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം അദ്ദേഹത്തെ വളയുകയും, കല്ല്, മുട്ട, ചെരിപ്പ് എന്നിവ എറിയുകയും ചെയ്തു.

പ്രതിഷേധക്കാർ അദ്ദേഹത്തെ മർദ്ദിക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു. ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഹെൽമെറ്റ് ഉപയോഗിച്ച് തല മറച്ചാണ് അദ്ദേഹത്തെ കാറിലേക്ക് മാറ്റിയത്. പരിക്കേറ്റ അഭിഷേക് ബാനർജിയെ ആശുപത്രികളിൽ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ് പാർട്ടിയുടെ മുതിർന്ന എം.പി കല്യാൺ ബാനർജിക്ക് നേരെയും ആക്രമണമുണ്ടായി. ഹൂഗ്ലിയിലെ ചണ്ഡിതാല പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് കല്യാൺ ബാനർജിയുടെ തലക്ക് പിന്നിൽ അടിയേറ്റത്.

തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളും ക്രമസമാധാന തകർച്ചയും ചർച്ച ചെയ്യാനാണ് മമത ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ അടിയന്തര യോഗം വിളിച്ചത്. എന്നാൽ യോഗം ആരംഭിച്ചപ്പോൾ 60 ഓളം എം.എൽ.എമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് നേതൃത്വത്തെ ഞെട്ടിച്ചു. എങ്കിലും ഫിർഹാദ് ഹക്കിം, മദൻ മിത്ര, കുനാൽ ഘോഷ്, നയന ബന്ദോപാധ്യായ, അഷിമ പത്ര തുടങ്ങിയ പ്രമുഖ നേതാക്കൾ മമത ബാനർജിക്ക് പിന്തുണയുമായി യോഗത്തിൽ പങ്കെടുത്തു.

പാർട്ടിയുടെ കരുത്തരായ രണ്ട് നേതാക്കളായ അഭിഷേക് ബാനർജി, കല്യാൺ ബാനർജി എന്നിവർക്ക് നേരെ നടന്ന ആക്രമണങ്ങളെ തുടർന്ന് എം.എൽ.എമാർ തിരക്കിലായിപ്പോയെന്നാണ് ടി.എം.സി വക്താവ് കുനാൽ ഘോഷ് അവകാശപ്പെട്ടത്. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യോഗം താൽക്കാലികമായി മാറ്റിവെച്ചതായി പാർട്ടി പിന്നീട് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksstreetsIndiaTMC leadersLatest News
News Summary - Attacks on leaders in the streets; majority of MLAs boycott emergency meeting"
Next Story