രാജ്യത്തുടനീളം കശ്മീരികൾക്കെതിരായ ആക്രമണങ്ങൾ: നാസിസത്തോട് ഉപമിച്ച് ഫാറൂഖ് അബ്ദുല്ല; ഹിറ്റ്‌ലർ ഭരണത്തിനെതിരെ മുന്നറിയിപ്പ്
text_fieldsശ്രീനഗർ: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കശ്മീരികൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമണങ്ങളെ അപലപിച്ച് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. ഇന്ത്യയിൽ ഹിറ്റ്‌ലറുടെ ഭരണകൂടം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാസികളുടെ അതേ വിധി നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. വലതുപക്ഷ ഹിന്ദുത്വ പ്രവർത്തകർ കശ്മീരി ഷാൾ വ്യാപാരികളെ ആക്രമിക്കുന്ന വിഡിയോകൾ അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് താഴ്‌വരയിൽ വലിയ രോഷത്തിനിടയാക്കുന്നു.
ഉത്തരാഖണ്ഡിൽ ഒരു കശ്മീരിക്കെതിരായ ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ അപലപിക്കുകയും അത്തരം കുറ്റകൃത്യങ്ങൾ അനുവദിക്കില്ലെന്നും പറഞ്ഞു. പൊലീസ് പിന്നീട് ഒരു ബജ്‌റംഗ്ദൾ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. എന്നിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണങ്ങൾ തുടരുകയാണ്.
മുൻ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല ആക്രമണകാരികളെ നാസികളുടെ ക്രൂരതയുമായി തുലനം ചെയ്തു. ഈ ആക്രമണങ്ങൾ നമ്മുടെ വിധിയാണ്. മറ്റെന്തോ ലക്ഷ്യമുള്ള ചില ആളുകളുണ്ട്. അവർ ഹിറ്റ്‌ലറുടെ പാത പിന്തുടരുകയും ഹിറ്റ്‌ലറുടെ ഭരണകൂടം സൃഷ്ടിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കശ്മീരികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഹിറ്റ്‌ലർ അപ്രത്യക്ഷനായി. അയാൾ സ്വയം വെടിവച്ചു. നാസിസം അവിടെ അവസാനിച്ചു. ദൈവം അനുവദിച്ചാൽ ഈ തീവ്രവാദികളും പോയിത്തീരുന്ന സമയം ഇവിടെയും വരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദിവസങ്ങളായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിക്കുകയും ചെയ്യുന്ന ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഡൽഹിയിൽ വാടകക്ക് താമസസൗകര്യം കണ്ടെത്തുന്നതിൽ കശ്മീരി സ്ത്രീയായ മുനാസ്സ നേരിട്ടതായി ആരോപിക്കപ്പെടുന്ന പ്രശ്‌നങ്ങൾ എടുത്തുകാണിക്കുന്ന ഒരു വിഡിയോ വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരുന്നു.
‘ജനസംഖ്യയിൽ പകുതിയും ഇവിടെ മുസ്‍ലികൾക്ക് ഫ്ലാറ്റുകൾ വാടകക്ക് നൽകുന്നില്ല. നിങ്ങൾ ഒരു കശ്മീരി മുസ്‍ലിമാണെന്ന് അവർ മനസ്സിലാക്കുമ്പോൾ എതിർപ്പ് കൂടുതൽ കഠിനമാകും’ എന്ന് യുവതി വിഡിയോയിൽ പറയുന്നു. നമ്മള്‍ മനുഷ്യരല്ലേ എന്താണ് സംഭവിക്കുന്നത്? ‘എന്തുകൊണ്ടാണ് ഞങ്ങൾ വ്യത്യസ്തരാണെന്ന് നിങ്ങള്‍ കരുതുന്നത്? ഏഴോ എട്ടോ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചപ്പോള്‍ എല്ലായിടത്തും അത് നിഷേധിക്കപ്പെട്ടു എന്ന് മുനാസ്സ പറഞ്ഞു. ഉടമകളില്‍ ഒരാള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് തന്റെ ഹിജാബ് നീക്കം ചെയ്യാന്‍ അവർ ആവശ്യപ്പെട്ടു എന്നും മുനാസ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെയും ഇടപെടലാണ് ഹിമാചലില്‍ ഒരു കശ്മീരിയെ ആക്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാരണമെന്ന് വിദ്യാര്‍ഥി സംഘടന പറഞ്ഞു. അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയാണെന്നാണ് അധികൃതർ പറയുന്നത്.
ഒരു കശ്മീരി വ്യാപാരിയില്‍ നിന്ന് ചിലര്‍ 20,000 രൂപയുടെ ഷാളുകള്‍ തട്ടിയെടുത്ത് അവ നശിപ്പിച്ചതായി സ്റ്റുഡന്റ്സ് അസോസിയേഷന്‍ പറഞ്ഞു. കശ്മീരികളെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നിങ്ങനെ പല മുസ്‍ലിംകളും അവരുടെ വിശ്വാസപ്രകാരം അനുവദനീയമല്ലെന്ന് കരുതുന്ന മുദ്രാവാക്യങ്ങള്‍ ചൊല്ലാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

