'ഡോക്ടർമാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല'; ശിവസേന കോർപ്പറേറ്റർ രമേഷ് മഹ്ത്രെയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: ചികിത്സാ രംഗത്തുള്ള ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും യാതൊരു കാരണവശാലും ആക്രമിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. താനെ ജില്ലയിലെ മുനിസിപ്പൽ ആശുപത്രിയിൽ വെച്ച് ഡോക്ടർമാരെ മർദ്ദിച്ച കേസിൽ ശിവസേന കോർപ്പറേറ്റർ രമേഷ് മ്ഹാത്രെക്ക് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. മൂന്ന് ദിവസത്തിനകം കീഴടങ്ങാൻ പ്രതിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ പരിഗണിച്ചത്. ഡോക്ടർമാർ ജനങ്ങളെ സേവിക്കുന്നവരാണെന്നും ഇത്തരത്തിൽ അവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി സമൂഹം നൽകേണ്ട സന്ദേശം വളരെ ശക്തമായിരിക്കണമെന്നും നിരീക്ഷിച്ചു. മഹ്ത്രെക്ക് പുറമെ ഈ കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയുള്ള നടപടികളും കോടതി ചൂണ്ടിക്കാട്ടി.
മുൻകാലങ്ങളിലായി മൊത്തം 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് രമേഷ് മഹ്ത്രെയെന്ന് കോടതി വിലയിരുത്തി. എന്നാൽ ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിൽ 18 കേസുകളിലും അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രതിഭാഗം മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെ വാദിച്ചത്. കൂടാതെ പ്രധാന സാക്ഷികളുടെ വിസ്താരം ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും പരാതിക്കാരിയായ വനിതാ ഡോക്ടറുടെ വിസ്താരം ഒക്ടോബർ 3-ന് നടക്കാനിരിക്കുകയാണെന്നും വിചാരണ സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനെയിലെ ശാസ്ത്രി നഗർ ആശുപത്രിയിൽ ചികിത്സ വൈകിയെന്നാരോപിച്ച് രമേഷ് മഹ്ത്രെയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർമാരെ മർദ്ദിക്കുകയായിരുന്നു. പ്രാണരക്ഷക്കായി രാപ്പകലില്ലാതെ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ കർശനമായ ഇടപെടലുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

