Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം; മർദ്ദനവും നിർബന്ധിത ‘ഘർ വാപസി’യും

text_fields
bookmark_border
ബംഗാളിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ ആക്രമണം; മർദ്ദനവും നിർബന്ധിത ‘ഘർ വാപസി’യും
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് നേരെ അതിക്രമങ്ങളും മർദ്ദനവും. മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങളെ ബജ്‌റങ് ദൾ പ്രവർത്തകർ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് ‘ഘർ വാപസി’ (മതം മാറ്റൽ) ചടങ്ങുകൾക്ക് വിധേയമാക്കുകയും ചെയ്തതായി പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

മതം ഉപേക്ഷിക്കാൻ തയാറാകാത്തതിനെ തുടർന്ന് ഒക്ടോബർ 18, 19, 20 തീയതികളിലാണ് കുടുംബങ്ങൾക്ക് നേരെ ക്രൂരമായ അതിക്രമങ്ങൾ നടന്നത്. തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാനും ക്രിസ്തുമതം വെടിയാനും ഭീഷണിപ്പെടുത്തിയ സംഘം കുടുംബാംഗങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ഇരകളും വക്കീലന്മാരും മനുഷ്യാവകാശ പ്രവർത്തകരും വ്യക്തമാക്കുന്നു. ഒക്ടോബർ 19ന് ഇരകളെ ദുർഗ്ഗാ പൂജ പന്തലിൽ കൊണ്ടുപോയി നിർബന്ധിച്ച് അഞ്ജലി അർപ്പിക്കാൻ പ്രേരിപ്പിച്ചു.

‘ഒരു കുടുംബത്തിന്റെ വീട്ടിലെത്തിയ ബജ്‌റങ് ദൾ സംഘം ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അവർ വിസമ്മതിച്ചതോടെ സംഘം ആക്രമണം അഴിച്ചുവിട്ടു. ക്രൂരമായ മർദ്ദനത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ബോധരഹിതയായി വീണു’ കേസ് ഏറ്റെടുത്തിട്ടുള്ള അഭിഭാഷകൻ പറഞ്ഞു.

ചന്ദ്രകോണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങളാണ് ഇത്തരത്തിലുള്ള കടുത്ത പീഡനങ്ങൾക്ക് ഇരയായിരിക്കുന്നത്.

ആക്രമണത്തിനിരയായ കുടുംബങ്ങളിലെ 14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബജ്‌റങ് ദൾ ഗുണ്ടകൾ കഴുത്തുഞെരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നും പൊലീസിൽ പരാതി നൽകിയാൽ ജീവനോടെ കത്തിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. ഭയന്ന കുടുംബം കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ദിലീപ് മിശ്ര, ബാപ്പു ദീത്ത ചാറ്റർജി, പൊച്ച പതാർ, രൺജിത് ഡോലുയ്, ബാപി മൊണ്ടൽ, പിന്റു ഷാ, തരുൺ മൊണ്ടൽ, അരുൺ മൊണ്ടൽ, അസിത് ഡോലുയ് എന്നിവരാണ് അക്രമണത്തിന് പിന്നിലെന്നും ഇവർ ബജ്‌റങ് ദളുമായി ബന്ധമുള്ളവരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് കുടുംബങ്ങൾ പറയുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്ഥിതിഗതികൾ വഷളായതോടെ അവർ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് അത് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. പശ്ചിമ മേദിനിപൂർ സൂപ്രണ്ട് ഓഫ് പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

ചൊവ്വാഴ്ച രാവിലെ 7.30ഓടെ മൂന്ന് കുടുംബങ്ങളിലെയും ഭർത്താക്കന്മാരെ സംഘം ബലമായി പിടിച്ചുകൊണ്ടുപോയി. ഭാര്യമാരെ അനുഷ്ഠാനങ്ങൾക്കായി അടുത്തുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇവിടെ ന്യൂനപക്ഷമായ ഈ കുടുംബങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാനാവാതെ ഭീതിയിലാണ്. പരിക്കേറ്റവർക്ക് ചികിത്സ തേടാൻ പോലും സാധിച്ചിട്ടില്ല.

ബംഗാളിൽ വർധിച്ചുവരുന്ന ആക്രമണങ്ങൾ

2026 മെയ് മാസത്തിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതുമുതൽ പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ ഗുരുതരമായ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വതന്ത്ര നിരീക്ഷകരായ ‘ഇന്ത്യാ ഹെയ്റ്റ് ലാബ്’ പുറത്തുവിട്ട ഡാറ്റ പ്രകാരം, മെയ് മുതൽ സെപ്റ്റംബർ വരെയുള്ള അഞ്ച് മാസത്തിനിടയിൽ മാത്രം ക്രിസ്ത്യാനികൾക്ക് നേരെ സംസ്ഥാനത്ത് കുറഞ്ഞത് 60 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക പിരിമുറുക്കങ്ങളെത്തുടർന്ന് പശ്ചിമ മേദിനിപൂർ (വെസ്റ്റ് മിഡ്‌നാപൂർ) ജില്ലയിലും സമീപ പ്രദേശങ്ങളിലും ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കും പ്രാർഥിനാ കേന്ദ്രങ്ങൾക്കും എതിരായ ആൾക്കൂട്ടാക്രമണങ്ങൾ പെരുകിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attack on Christian families in Bengal, forced conversion alleged
Next Story