ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വ്യാപകമാകുന്നു- പീപ്പിൾസ് ട്രിബ്യൂണൽ
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലെയും ഗ്രാമപ്രദേശങ്ങളിലെയും ക്രൈസ്തവരെ ഉന്നമിട്ട് നടക്കുന്ന അതിക്രമങ്ങൾ വ്യാപകമാകുന്നതായി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനയായ പീപ്പിൾസ് ട്രിബ്യൂണൽ.
ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിടുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺ ദയാൽ വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അക്രമ സംഭവങ്ങളുടെയും ഭീഷണിപ്പെടുത്തലിന്റെയും വിഡിയോ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി വാർത്തസമ്മേളനത്തിൽ അവതരിപ്പിച്ചു.
പുരുഷന്മാരെ ശാരീരികമായി മർദിക്കുകയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിക്കുകയും ചെയ്യുന്ന നീചവും ഹീനവുമായ സംഭവങ്ങൾ പല കോണുകളിലും നടക്കുന്നുണ്ടെന്നും ഗർഭിണികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സമൂഹിക പ്രവർത്തകയായ വിദ്യ ദിനകർ വിശദീകരിച്ചു.
മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങൾ കൂടുതലെന്നും, മതപരിവർത്തന ആരോപണം അക്രമങ്ങൾക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
പൗരസമൂഹവും സ്ഥാപനങ്ങളും ഭരണകൂടവും ഒരുമിച്ച് പ്രവർത്തിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

